തിമറോഡിയുടെ അറസ്റ്റ്; പൊലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ബ്രഹ്മാവർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ധർമസ്ഥല ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിയെ പൊലീസ് കൊണ്ടുവരുന്നതിനിടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസ് വാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉജിരെ സ്വദേശികളായ ശ്രുജൻ എൽ. ഹിതേഷ് ഷെട്ടി, സഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസ് ഇങ്ങനെ: തിമറോഡിയെ ദക്ഷിണ കന്നട ജില്ലയിലെ ഉജിരെയിൽനിന്ന് ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവറിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ ഒരുകൂട്ടം അനുയായികൾ വാഹനവ്യൂഹത്തെ പിന്തുടർന്നു.
പൊലീസ് നീക്കത്തെ തടസ്സപ്പെടുത്തരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അനുയായികൾ വാഹനങ്ങൾ തടസ്സപ്പെടുത്തുന്നത് തുടർന്നു. കാർക്കള റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോസ്മറിന് സമീപം ഉഡുപ്പി ജില്ല അഡീഷനൽ പൊലീസ് സൂപ്രണ്ടിന്റെ (കെ.എ 20 ജി 0669 രജിസ്ട്രേഷൻ നമ്പർ) ഔദ്യോഗിക വാഹനത്തിൽ അവർ തങ്ങളുടെ കാർ ഇടിച്ച് പൊലീസ് സംഘം തിമറോഡിയെ ബ്രഹ്മാവറിലേക്ക് കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചു.
സംഭവത്തെ തുടർന്ന് കാർക്കള റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ അപകീർത്തി പോസ്റ്റിട്ടു എന്ന പരാതിയിലാണ് തിമറോഡിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

