ധർമസ്ഥല: തെരച്ചിൽ അന്ത്യത്തിലേക്ക്; ഏഴാംദിനം ഒന്നും കണ്ടെത്തിയില്ല
text_fieldsമംഗളൂരു: ധർമസ്ഥലയിലെ കൂട്ട കൊലപാതകവും സംസ്കാരവും സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്.ഐ.ടി നേതൃത്വത്തിൽ നടക്കുന്ന മണ്ണുനീക്കി പരിശോധന അന്തിമഘട്ടത്തിലേക്ക്. തെരച്ചിലിന്റെ ഏഴാം ദിനമായ ചൊവ്വാഴ്ച നേത്രാവദി പാലത്തിന് സമീപത്തെ സ്നാനഘട്ടത്തിന്റെ ഭാഗത്ത് കാട്ടിൽ 11, 12 പോയന്റുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പരാതിക്കാരൻ നേരത്തേ അടയാളപ്പെടുത്തിയ 13 പോയന്റുകളിൽ ഇനി ഒരിടം മാത്രമാണ് അവശേഷിക്കുന്നതത്. അവസാന പോയന്റിലെ തെരച്ചിൽ ബുധനാഴ്ച നടക്കും. ഇതിനിടെ തെരച്ചിലിന്റെ മൂന്നാംദിനത്തിൽ ആറാം പോയന്റിൽനിന്ന് 15 ഓളം അസ്ഥികളും ആറാം ദിനത്തിൽ അടയാളപ്പെടുത്താത്ത മറ്റൊരിടത്തിൽനിന്ന് 140 ഓളം മനുഷ്യാസ്ഥികളും കണ്ടെത്തിയിരുന്നു. 11ാം പോയന്റിൽനിന്ന് അൽപം മാറിയാണ് ഈ ഇടമുള്ളത്.
അതേസമയം, ധർമസ്ഥല കേസിൽ നേരത്തേ മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരായ കൂട്ട വിലക്കിന് ഉത്തരവിട്ട ബംഗളൂരുവിലെ പത്താം അഡീഷനൽ സിറ്റി ആൻഡ് സിവിൽ സെഷൻസ് കോടതിയിൽനിന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റി പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജ് ചൊവ്വാഴ്ച ഉത്തരവായി.
കേസിൽ മാധ്യമവിലക്ക് ഏർപ്പെടുത്തിയ ജഡ്ജ് ബി. വിജയകുമാർ റായ് മുമ്പ് ധർമസ്ഥല ട്രസ്റ്റിന് കീഴിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകനായ നവീൻ സൂറിഞ്ചെ, സി.പി.എം ദക്ഷിണ കന്നട ജില്ല സെക്രട്ടറി മുനീർ കാട്ടിപ്പള്ള, ആക്ടിവിസ്റ്റ് ബൈരപ്പ ഹരിഷ് കുമാർ എന്നിവർ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി. കേസ് ഇനി 17ാം അഡീഷനൽ സിറ്റി ആൻഡ് സിവിൽ സെഷൻസ് കോടതിയിലാണ് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

