ധർമസ്ഥല കൊലപാതക പരമ്പര; സംഭവം വെളിപ്പെടുത്തിയ ദലിതന് സുരക്ഷ നൽകി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പ്രമുഖ തീർഥാടന സങ്കേതമായ ധർമസ്ഥലയെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ആൾക്ക് സാക്ഷി സംരക്ഷണം. 1995നും 2014നും ഇടയിൽ ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലധികം പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചതായി ദലിതനായ ശുചീകരണ വിഭാഗം ജീവനക്കാരനാണ് വെളിപ്പെടുത്തിയത്.
ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സാക്ഷി സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. വെള്ളിയാഴ്ച വെളിപ്പെടുത്തലുകാരനെ കനത്ത പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു.
ബംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നിവർ മുഖേന ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണിന് സമർപ്പിച്ച വെളിപ്പെടുത്തലിന്റെ തുടർനടപടിയാണ് സാക്ഷി സംരക്ഷണം. ഇതോടെ 24 മണിക്കൂർ പൊലീസ് സുരക്ഷ ലഭിക്കും.
തനിക്കും കുടുംബത്തിനും സാക്ഷി സംരക്ഷണം ലഭിച്ചാൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സ്ഥലങ്ങൾ പൊലീസിന് കാണിച്ചുകൊടുക്കാമെന്ന് വെളിപ്പെടുത്തൽ കത്തിൽ പറഞ്ഞിരുന്നു. 20കാരിയുടെ അസ്ഥികൾ ഈ രീതിയിൽ പുറത്തെടുത്തു. വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ടതാണിത്. ഭീഷണിക്ക് വഴങ്ങിയാണ് താൻ മൃതദേഹങ്ങൾ സംസ്കരിച്ചതെന്നാണ് ഈ മാസം മൂന്നിന് ധർമസ്ഥലയിലെ മുൻ ശുചീകരണ ജീവനക്കാരൻ എസ്.പിക്ക് സമർപ്പിച്ച വെളിപ്പെടുത്തൽ കത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സാക്ഷിയായി പരിഗണിച്ച് സംരക്ഷണം നൽകുകയാണ്.
1980 മുതലുള്ള മൃതദേഹങ്ങൾക്ക് രേഖയുണ്ടെന്ന് ഗ്രാമപഞ്ചായത്ത്
മംഗളൂരു: മൃതദേഹങ്ങളുടെ 1980കളുടെ അവസാനം മുതലുള്ള രേഖകൾ പഞ്ചായത്ത് കാര്യാലയത്തിലുണ്ടെന്ന് ധർമസ്ഥല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു പറഞ്ഞു. നിരവധി മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിച്ചുവെന്ന ഒരാളുടെ അവകാശവാദം അദ്ദേഹം നിഷേധിച്ചു.
1989 മുതൽ പഞ്ചായത്തിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ സംസ്കാര രേഖകൾ ലഭ്യമാണെന്നും ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചപ്പോൾ അത്തരം മൃതദേഹങ്ങളുടെ എണ്ണവും വർധിച്ചെന്നും പറഞ്ഞു. ഈ ജോലി (മൃതദേഹം സംസ്കരിക്കൽ) ചെയ്യാൻ താൽപര്യമുള്ള ആളുകളെ അന്വേഷിച്ച് ഈ ജോലി ചെയ്തുതീർക്കുന്നു. അതിനുള്ള പണം അവർക്ക് നൽകുന്നു.
അവരുടെ പേരിൽ വൗച്ചറുകൾ ഉണ്ട്. ഈ രേഖകളെല്ലാം പഞ്ചായത്തിലുണ്ട്. അവയിൽ ഗസറ്റഡ് ഓഫിസർമാർ ഒപ്പിട്ടിട്ടുണ്ട്-ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്കാരം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം കുടുംബാംഗങ്ങളെത്തുകയും മൃതദേഹം പൊലീസ് അവർക്ക് കൈമാറുകയും ചെയ്ത സംഭവങ്ങൾപോലും ഉണ്ടായിട്ടുണ്ടെന്നും ഇതിനുള്ള രേഖകളും ഉണ്ടെന്നും അദ്ദേഹം ചേർത്തു.
പൊതുജനങ്ങൾ അജ്ഞാത മൃതദേഹങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ആ വ്യക്തിയെ തിരിച്ചറിയാൻ ബന്ധുക്കളോട് ആവശ്യപ്പെട്ട് പൊലീസ് പത്രങ്ങളിൽ അറിയിപ്പ് നൽകാറുണ്ട്. മൃതദേഹം ഒരാഴ്ചത്തേക്ക് സൂക്ഷിക്കും. ആരും അത് അവകാശപ്പെടുന്നില്ലെങ്കിൽ, പൊലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയോ ആരോഗ്യ വകുപ്പിനെയോ സംസ്കരിക്കാൻ അറിയിക്കുകയും ചെയ്യും.
കണ്ടെത്തിയ എല്ലാ അവകാശപ്പെടാത്ത മൃതദേഹങ്ങളും പഞ്ചായത്ത് സംസ്കരിച്ചിട്ടുണ്ട്. ഓരോ മൃതദേഹത്തിനും നിരവധി വർഷങ്ങൾ പഴക്കമുള്ള രേഖകളുണ്ട്. ധർമസ്ഥല ക്ഷേത്രത്തിൽ ആയിരക്കണക്കിന് ആളുകൾ വരുന്നുണ്ടെന്നും ‘എല്ലാവരും ദൈവഭക്തിയുടെ മാനസികാവസ്ഥയോടെയല്ല വരുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.
ഈ ആരോപണങ്ങൾ ഗൂഢാലോചനകളും കെട്ടിച്ചമച്ച പ്രസ്താവനകളുമാണ്. എല്ലാ അസ്വാഭാവിക മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്, അവ എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ഞങ്ങൾ പരാമർശിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പഞ്ചായത്തിന് സ്ഥിരം ജീവനക്കാരുടെ പട്ടികയില്ല എന്ന് ശ്രീനിവാസ് പറഞ്ഞു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഞങ്ങൾക്ക് പ്രത്യേകമായി ജീവനക്കാരില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

