Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിമുട്ടി ചെങ്ങളായി - തവറൂൽ - കൊയ്യം റോഡ് വികസനം

text_fields
bookmark_border
വഴിമുട്ടി ചെങ്ങളായി - തവറൂൽ - കൊയ്യം റോഡ് വികസനം
cancel
camera_alt

ചെങ്ങളായി - തവറൂൽ - കൊയ്യം റോഡ്

ശ്രീകണ്ഠപുരം: മലയോര മേഖലയിൽ നിന്ന് കണ്ണൂരിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന ചെങ്ങളായി - പെരുങ്കോന്ന് - തവറൂൽ - കൊയ്യം റോഡ് വികസനം വൈകുന്നു. ആറ് കിലോമീറ്ററോളം ദൈർഘ്യം വരുന്ന ഈ റോഡ് ചെങ്ങളായി പഞ്ചായത്തിലെ ആദ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നാണ്. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയേയും വളക്കൈ - മയ്യിൽ പൊതുമരാമത്ത് റോഡിനേയും ബന്ധിപ്പിക്കുന്ന ഈ പാത പുതിയതെരു - ശ്രീകണ്ഠപുരം ഉൾപ്പെടെ മൂന്ന് റോഡുകളുടേയും ഒരു ബൈപ്പാസ് റോഡു കൂടിയാണ്.

50 വർഷത്തോളം പഴക്കമുള്ള റോഡ് നവീകരിക്കുകയെന്നത് ഈ പ്രദേശത്തുകാരുടെ ദീർഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. ഈ റോഡുമായി ബന്ധപ്പെടുന്ന കൊളന്തക്കടവ് പാലം ഈ വർഷം യാഥാർഥ്യമാകുന്നതോടെ മലപ്പട്ടം പഞ്ചായത്തിൽ നിന്നും പ്രദേശവാസികൾക്ക് താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡും ഇതായിരിക്കും. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന ഈ റോഡിന് ജീപ്പ് റോഡിന്റെ നിലവാരം മാത്രമാണുള്ളത്.

നിരവധി സ്ഥലങ്ങളിൽ ഇടുങ്ങിയ വളവുകളും കയറ്റവുമുണ്ട്. നേരത്തെ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി. വിപിനയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ജനകീയ കൺവെൻഷൻ റോഡ് മെക്കാഡം ചെയ്ത് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട അധികാരികളെ സന്ദർശിച്ച് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിരുന്നു. തുടർന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന, പഞ്ചായത്ത് അംഗം ടി. രാജകുമാർ, കെ. ദിവാകരൻ എന്നിവർ തലസ്ഥാനത്ത് എത്തി മന്ത്രി പി.കെ. ബഷീർ, സജീവ് ജോസഫ് എം.എൽ.എ., ടി. കെ. ഗോവിന്ദൻ എം.എൽ.എ., കെ.വി.സുമേഷ് എം.എൽ.എ. എന്നിവരെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.

നിലവിൽ പൊതുമരാമത്ത് വകുപ്പ് ഗ്രാമീണ റോഡുകൾ പുനരുദ്ധാരണത്തിന് ഏറ്റെടുക്കുന്നില്ല. സർക്കാർ നയപരമായി അങ്ങനെ ഒരു തീരുമാനമെടുത്താൽ ആദ്യം പരിഗണിക്കുമെന്ന് മന്ത്രി പി.കെ. ബഷീറും സജീവ് ജോസഫ് എം.എൽ.എയും സംഘത്തിന് ഉറപ്പു നൽകി. ഒ.ടി.ആർ.എസ്. സ്കീമിൽ(വൺ ടൈം റെനവേഷൻ സ്കീം) ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റോഡ് നവീകരിച്ച ശേഷം പഞ്ചായത്തിന് കൈമാറുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tavarul-Koyyam Road Development Hits a Dead End
Next Story