ധർമസ്ഥല കൂട്ട ശവസംസ്കാരം; പിതാവിന്റെ തിരിച്ചറിയൽ കാർഡിന് കണ്ടെത്തിയതിന് പിന്നാലെ മകൻ ധർമസ്ഥലയിലെത്തി
text_fieldsമംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക സംഘം(എസ്.ഐ.ടി) മനുഷ്യ ജഡാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുന്നതിനിടെ കുടക് ജില്ലയിലെ യു.ബി.അയ്യപ്പയുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതിന് പിന്നാലെ മകൻ ജീവനും ബന്ധുക്കളും ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി. കുടക് പൊന്നമ്പേട്ട് താലൂക്കിലെ ടി. ഷെട്ടിഗേരി ഗ്രാമത്തിൽ താമസിച്ചിരുന്ന 71 വയസ്സുള്ള ഉലുവഗഡ ബി. അയ്യപ്പ എന്നയാളുടെ പഴയ തിരിച്ചറിയൽ കാർഡ് മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച് 2017 ജൂൺ 18ന് രാവിലെ അയ്യപ്പ വീട്ടിൽനിന്ന് ഇറങ്ങി. വൈദ്യചികിത്സക്കായി മൈസൂരുവിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചു. അന്ന് രാവിലെ 11.55ന് ഫോൺ കാളിലൂടെയാണ് അദ്ദേഹം അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താമസിയാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ദിവസങ്ങൾ കടന്നുപോയപ്പോൾ മകൻ ജീവൻ മൈസൂരു ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ആ മാസം 25ന് ജീവൻ ശ്രീമംഗല പൊലീസ് സ്റ്റേഷനിൽ പിതാവിനെ കാണാനില്ലെന്ന് പരാതി നൽകി.
പക്ഷേ, എട്ട് വർഷത്തോളമായിട്ടും തുമ്പ് കിട്ടിയിരുന്നില്ല. അയ്യപ്പയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് രേഖകൾക്കായി ധർമസ്ഥല അന്വേഷണ ഉദ്യോഗസ്ഥർ ശ്രീമംഗല പൊലീസിനെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ബന്ധുക്കൾ എത്തിയത്. കുഴിച്ചെടുത്ത ജഡാവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധനയിലൂടെ അയ്യപ്പയുടേത് ഉണ്ടോയെന്ന് കണ്ടെത്തി മരണം സംബന്ധിച്ച് തീരുമാനത്തിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

