ധർമസ്ഥല കൂട്ട ശവസംസ്കാരം; കെട്ടിച്ചമച്ച ഗൂഢാലോചനയെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ
text_fieldsമംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് ധർമസ്ഥല വിരുദ്ധർ പൂർണമായും കെട്ടിച്ചമച്ച ഗൂഢാലോചനയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബെൽത്തങ്ങാടി കോടതിയിൽ പറഞ്ഞു.
കേസിൽ കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി മാണ്ഡ്യ സ്വദേശി ചിന്നയ്യ ഒന്നാം പ്രതിയും മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവർ, ടി. ജയന്ത്, വിത്തൽ ഗൗഡ, സുജാത ഭട്ട് എന്നിവർ പ്രതികളുമാണ്. ഒന്നാം പ്രതിയായ ചിന്നയ്യക്ക് പണം നൽകുകയും സമ്മർദം ചെലുത്തുകയും തെറ്റായ മൊഴി നൽകാൻ പരിശീലനം നൽകുകയും ചെയ്തതായി എസ്.ഐ.ടി പറഞ്ഞു.
ധർമസ്ഥലയെ ലക്ഷ്യംവെച്ചാണ് കൂട്ട ശവസംസ്കാരങ്ങൾ എന്ന വ്യാജ വിവരണം കെട്ടിച്ചമച്ചതും തലയോട്ടി ശേഖരിക്കുകയും തെളിവുകൾ നിരത്തുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തത്. മഹേഷ് ഷെട്ടി തിമറോഡിയുടെ വസതിയിൽ ഗൂഢാലോചന യോഗങ്ങൾ നടന്നതായി എസ്.ഐ.ടി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വിഡിയോ ക്ലിപ്പുകൾ, ബാങ്ക് ഇടപാട് വിശദാംശങ്ങൾ, ഇലക്ട്രോണിക് രേഖകൾ, സാക്ഷിമൊഴികൾ എന്നിവ കണ്ടെടുത്തു. ചിന്നയ്യ നേരത്തേ അറസ്റ്റിലായി ശിവമൊഗ്ഗ ജയിലിൽ കഴിയുകയും കർശന വ്യവസ്ഥകളിലൂടെ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. മറ്റ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

