ധർമസ്ഥല കൂട്ട സംസ്കാര കേസ് ; എസ്.ഐ.ടി അന്വേഷണം അവസാനിപ്പിക്കുന്നു
text_fieldsമംഗളൂരു: ധർമസ്ഥലയിൽ കൂട്ട സംസ്കാരം നടന്നുവെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിയിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കുന്നു. ജൂലൈ 19ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. പ്രണബ്കുമാർ മൊഹന്തിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) പിന്മാറുന്നത്. ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ താൻ സംസ്കരിച്ചു എന്നായിരുന്നു മാണ്ഡ്യ സ്വദേശി സി.എൻ. ചിന്നയ്യ പരാതി നൽകിയത്. നിർബന്ധത്തിന് വഴങ്ങി ചെയ്ത പ്രവൃത്തിയുടെ ഓർമകൾ വേട്ടയാടുന്നതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും തന്റെ മകൾക്ക് നേരെയും ലൈംഗിക അതിക്രമ ശ്രമം നടന്നതായും ഭീതികാരണം മകൾ നാടുവിട്ടതായും പറഞ്ഞു.
1995 നും 2014 നും ഇടയിൽ സംസ്കരിച്ച ജഡങ്ങളുടെ കണക്കാണ് ചിന്നയ്യ പറഞ്ഞത്. പരാതിക്കാരനായ സാക്ഷി എന്ന പരിഗണനയിൽ പ്രത്യേക സംരക്ഷണം നൽകി ചിന്നയ്യയുമായി എസ്.ഐ.ടി നേത്രാവതിക്കരയിലെ ധർമസ്ഥല കുളിക്കടവ് പരിസരത്തും ബംഗ്ലാഗുഡ്ഡെ ഉൾപ്പെടെ സ്ഥലങ്ങളിലും ഖനനം നടത്തി. ചിന്നയ്യ ചൂണ്ടിക്കാട്ടിയ 18 ഓളം സ്ഥലങ്ങൾ എസ്.ഐ.ടി പരിശോധിച്ചു. ഇവിടെ നിന്നു ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളുടെ ഫോറൻസിക്, ഡി.എൻ.എ വിശകലന നടപടികൾ തുടരുകയാണ്. എന്നാൽ നേത്രാവതി കുളിക്കടവിന് സമീപത്തുനിന്ന് കിട്ടിയ അവശിഷ്ടങ്ങൾ പരാതിക്കാരന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി പുരുഷന്മാരുടേതാണെന്നാണ് ലാബ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ബംഗ്ലഗുഡ്ഡെയിൽ നിന്ന് കുഴിച്ചെടുത്ത അഞ്ച് തലയോട്ടികളുടെ ഫലങ്ങൾ വന്നിട്ടില്ല.
2003ൽ ധർമസ്ഥല സന്ദർശിച്ച ശേഷം തന്റെ മകളെ കാണാതായെന്ന് കേസിലെ മറ്റൊരു പരാതിക്കാരിയായ സുജാത ഭട്ട് ആരോപിച്ചിരുന്നു. പിന്നീട് അവർ തന്റെ മൊഴി പിൻവലിക്കുകയും തനിക്ക് മകളില്ലെന്നും മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങി തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നെന്നും സമ്മതിച്ചു. ചിന്നയ്യ തെളിവായി അന്വേഷണ സംഘത്തിന്, ധർമസ്ഥലയിൽനിന്ന് പുറത്തെടുത്തത് എന്ന് അവകാശപ്പെട്ട് തലയോട്ടി കൈമാറിയിരുന്നു. ഇത് 40 വർഷത്തിലേറെ പഴക്കമുള്ളതും 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു.സി വിദ്യാർഥിനി സൗജന്യയുടെ മാതൃസഹോദരൻ കൈമാറിയതാണെന്നും കണ്ടെത്തി. തെറ്റായ വിവരങ്ങൾ നൽകിയ ചിന്നയ്യയെ പ്രതിയാക്കി കേസെടുത്ത എസ്.ഐ.ടി അയാൾക്കുള്ള സുരക്ഷ പിൻവലിച്ചു. അറസ്റ്റിലായ ചിന്നയ്യ ശിവമൊഗ്ഗ ജയിലിൽ കഴിയുകയാണിപ്പോൾ. വ്യാജ വാർത്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവർ, വിറ്റൽ ഗൗഡ, ടി. ജയന്ത്, സുജാത ഭട്ട് എന്നിവരുൾപ്പെടെ അഞ്ചുപേർക്ക് സെക്ഷൻ 41 എ പ്രകാരം എസ്.ഐ.ടി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടു ദിവസമായി ബെൽത്തങ്ങാടി എസ്.ഐ.ടി ഓഫിസിൽ നടന്ന അവലോകന യോഗത്തിൽ, ഈ മാസം അവസാനത്തോടെ അന്വേഷണം അവസാനിപ്പിക്കാമെന്ന സൂചനയാണ് പ്രണബ് കുമാർ മൊഹന്തി നൽകിയത്.
ഒക്ടോബർ അവസാനം റിപ്പോർട്ട് സമർപ്പിക്കും-ആഭ്യന്തര മന്ത്രി
ക്ഷേത്രനഗരമായ ധർമസ്ഥലയിൽ നടന്ന കൂട്ട സംസ്കാരങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. എന്നാൽ, അത് അന്തിമമാണോ ഇടക്കാല റിപ്പോർട്ടാണോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഒക്ടോബറിൽ റിപ്പോർട്ട് നൽകുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിട്ടുണ്ട്. ഒക്ടോബർ 31നുമുമ്പ് റിപ്പോർട്ട് നൽകിയേക്കാം. അന്തിമ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

