ധർമസ്ഥല; അന്വേഷണത്തിൽ സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങില്ല -മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsമംഗളൂരു: ധർമസ്ഥല കൂട്ടക്കൊലക്കേസിൽ സർക്കാർ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമപ്രകാരം ഞങ്ങൾ പ്രവർത്തിക്കും. പൊലീസ് ശിപാർശ ചെയ്താൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കും-അദ്ദേഹം ട്വീറ്റ് ചെയ്തു.
പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ നിയമപ്രകാരം നടപടിയെടുക്കും. ഒരു എസ്.ഐ.ടി ആവശ്യമാണെന്ന് അവർ പറഞ്ഞാൽ, ഞങ്ങൾ അത് രൂപവത്കരിക്കും. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സി.ആർ.പി.സി) സെക്ഷൻ 164 പ്രകാരം പരാതിക്കാരൻ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ നിരവധി മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നും അവ സംസ്കരിച്ച സ്ഥലങ്ങൾ അദ്ദേഹം കാണിച്ചുതരാമെന്നും പ്രസ്താവന നൽകിയിട്ടുണ്ട്.
കേസിൽ ഒരു കോണുകളിൽ നിന്നും സമ്മർദമില്ല. അങ്ങനെയുണ്ടെങ്കിൽ പോലും, സർക്കാർ ആർക്കും വഴങ്ങില്ല. ആരോപണങ്ങളിൽ മാത്രം നടപടിയെടുക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ നിയമപ്രകാരം പ്രവർത്തിക്കും.പട്ടികജാതി സമുദായത്തിൽപ്പെട്ട മുൻ ശുചീകരണ തൊഴിലാളി 1995 മുതൽ 2014 വരെ ധർമസ്ഥല ക്ഷേത്ര ഭരണസമിതിയിൽ ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ടു.
2014 ഡിസംബറിൽ ധർമസ്ഥലയിൽ നിന്ന് ഓടിപ്പോയതായി അവകാശപ്പെട്ട് ജൂലൈ മൂന്നിന് ധർമസ്ഥല പൊലീസിൽ പരാതി നൽകി. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കാണിച്ച പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനോ കത്തിക്കാനോ രണ്ട് പതിറ്റാണ്ടിലേറെയായി സ്വാധീനമുള്ള ആളുകൾ തന്നെ നിർബന്ധിച്ചെന്ന് പരാതിയിൽ പറയുന്നു.
മേഖലയിൽ ഇത്തരം നിരവധി പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ച് കർണാടക സംസ്ഥാന വനിത കമീഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി ജൂലൈ 14ന് മുഖ്യമന്ത്രിക്ക് കത്തെഴുതി. ജൂലൈ 16ന് ഒരു കൂട്ടം അഭിഭാഷകർ മുഖ്യമന്ത്രിയെ കണ്ട് പരാതിക്കാരന്റെ ആരോപണങ്ങളിൽ എസ്.ഐ.ടി അന്വേഷണമാവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

