ധർമസ്ഥല കേസ്; തെറ്റായ വിവരം പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsസമീർ
മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെ ശവസംസ്കാര കേസുമായി ബന്ധപ്പെട്ട് കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമിച്ച വിഡിയോയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ച് പ്രശസ്ത യൂട്യൂബർ സമീർ എംഡിക്കെതിരെ ധർമസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിഡിയോയിൽ പരാതിക്കാരനായ സാക്ഷി ഔദ്യോഗിക പരാതിയിലും കോടതി നടപടികളിലും നൽകിയതിലും അപ്പുറം കെട്ടിച്ചമച്ച വിശദാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കുമാർ പറഞ്ഞു. ഈ വിഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
വിഡിയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല സാക്ഷിയായ പരാതിക്കാരനെക്കുറിച്ചുള്ള കൂടുതൽ ഉള്ളടക്കങ്ങൾ വെളിപ്പെടുത്തുകയും ചെയ്തുവെന്ന് എസ്.പി പറഞ്ഞു. ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ സമീർ എം.ഡിക്കെതിരെ 192,240,353(1)(ബി) ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത്.സമീറിനെതിരെ നേരത്തേ എ.ഐ ഇല്ലാത്ത കാലത്തും പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ കോളജ് വിദ്യാർഥിനി സൗജന്യയെ (17) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വിഡിയോ അപ്ലോഡ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അത്. മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അന്നും ചുമത്തിയ കുറ്റം. അന്ന് ഒരാഴ്ചക്കുള്ളിൽ ഏകദേശം 14 ദശലക്ഷം പേർ 39 മിനിറ്റ് ദൈർഘ്യമുള്ള ആ വിഡിയോ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

