ധർമസ്ഥല മൃതദേഹം തിരച്ചിൽ; ഏഴുവർഷം മുമ്പ് കാണാതായ കുടക് സ്വദേശിയുടെ കാർഡ് കണ്ടെത്തി
text_fieldsതിരിച്ചറിയൽ കാർഡിലെ പടം
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാരം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലഗുഡ്ഡെ വനത്തിൽ നിന്ന് തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ കൂട്ടത്തിൽ ഒരു തിരിച്ചറിയൽ കാർഡും. ഏഴുവർഷം മുമ്പ് കാണാതായ കുടക് സ്വദേശിയുടേതാണെന്നാണ് പ്രാഥമിക വിവരം.
കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിലെ യുബി അയ്യപ്പയുടേതാണെന്നാണ് കാർഡിലെ വിവരങ്ങൾ നൽകുന്ന സൂചന. ഏഴു വർഷം മുമ്പ് വൈദ്യചികിത്സക്കായി മൈസൂരുവിലേക്ക് പോയ അയ്യപ്പയെ കാണാതാവുകയായിരുന്നു. കുടകിലെ കുട്ട പൊലീസ് സ്റ്റേഷനിൽ അദ്ദേഹത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ, ഇത്രയും വർഷമായി അദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
ഐ.ഡി കാർഡും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തതോടെ, അവശിഷ്ടങ്ങൾ അയ്യപ്പയുടേതാണോ എന്ന സംശയം ശക്തമായി. അസ്ഥികൂടം ഫോറൻസിക് പരിശോധനക്ക് അയച്ചതായി എസ്.ഐ.ടി അറിയിച്ചു. പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണം അപകടമരണമാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ. പൊലീസ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
എസ്.ഐ.ടി സംഘം രണ്ടാം ദിവസത്തെ തിരച്ചിൽ വ്യാഴാഴ്ച അവസാനിച്ചു. ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു. രാവിലെ സ്ഥലത്തെത്തിയ എസ്.ഐ.ടി സംഘം മൂന്ന് മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി. തിരച്ചിലിനിടെ തലയോട്ടികളും അസ്ഥികളും വാക്കിങ് സ്റ്റിക്ക് ഉൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി. അന്വേഷണത്തിൽ സാധ്യമായ സൂചനകളായി ഇവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലും പൈപ്പുകളിലുമായി ശേഖരിച്ച് എസ്.ഐ.ടി ഓഫിസിലേക്ക് കൊണ്ടുപോയി.ഈ അസ്ഥികൂട അവശിഷ്ടങ്ങൾ ആരുടേതാണെന്നും അവ ബംഗ്ലഗുഡ്ഡെയിൽ എങ്ങനെ എത്തി എന്നും കണ്ടെത്താൻ അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

