ധർമസ്ഥല കേസ്; എസ്.ഐ.ടിയിൽനിന്ന് ഡി.സി.പി സൗമ്യലത പിന്മാറി
text_fieldsഡി.സി.പി സൗമ്യലത
മംഗളൂരു: ദക്ഷിണ കന്നട ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറുകണക്കിന് പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടിയെന്ന ശുചീകരണ ജീവനക്കാരന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സൗമ്യലത പിന്മാറി. സംഘത്തിലെ ഏക വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായ അവരുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര സ്ഥിരീകരിച്ചു.
വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്ചക്ക് ശേഷമാണ് സർക്കാർ കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ബുധനാഴ്ച 20 പേരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. അന്വേഷണ സംഘം നാലു വിഭാഗമായി അന്വേഷണം തുടരാനിരിക്കെയാണ് സൗമ്യലതയുടെ പിന്മാറ്റം. ഐ.ജി എം.എൻ. അനുചേത്, എസ്.പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് ഡി.ജി.പി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ മറ്റു മുതിർന്ന ഐ.പി.എസുകാർ. സ്ത്രീപീഡനവും കൊലപാതകവും ആരോപിക്കപ്പെടുന്ന വെളിപ്പെടുത്തൽ അന്വേഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായ സൗമ്യലതയുടെ പിന്മാറ്റം തുടക്കത്തിലേ കല്ലുകടിയായി.
പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ ഉടൻ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി ജി. പരമേശ്വര, സൗമ്യലത അവരുടെ പിന്മാറ്റം രേഖാമൂലമല്ലാതെയാണ് തന്നെ അറിയിച്ചതെന്നും കൂട്ടിച്ചേർത്തു. അതിനിടെ ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പൊലീസിൽ നൽകിയ മൊഴിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

