ധർമസ്ഥല ആക്രമണ കേസിൽ ഡ്രൈവർ ടീം അംഗം അറസ്റ്റിൽ
text_fieldsമംഗളൂരു: ധർമസ്ഥലയിൽ ബുധനാഴ്ച മാധ്യമ, യൂട്യൂബ് പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒരാളെ ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കന്യാടി സ്വദേശിയും ജീപ്പ് ഡ്രൈവറുമായ സോമനാഥ് സപല്യയാണ് (48) കൊക്കടയിൽനിന്ന് അറസ്റ്റിലായത്. ഇയാൾ ധർമസ്ഥല വിധേയമായി പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ സംഘത്തിൽ അംഗമാണെന്നാണ് സൂചന.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷണം പുരോഗമിക്കുന്നതിൽ വിറളിപൂണ്ട സംഘം യൂട്യൂബർമാർക്കും തുടർന്ന് ചാനൽ പ്രവർത്തകർക്കും നേരെ കൊലവിളിയും ആക്രമണവും നടത്തിയിരുന്നു. ധർമസ്ഥല ഗ്രാമത്തിലെ പങ്കല ക്രോസിൽ നാല് യൂട്യൂബർമാരെ ആക്രമിച്ച കേസിലാണ് ഡ്രൈവർ അറസ്റ്റിലായത്. ആക്രമണത്തിനിടെ കാമറകൾ നശിപ്പിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഏകദേശം 15 മുതൽ 50 വരെ വ്യക്തികൾ ഉൾപ്പെടുന്ന സംഘത്തിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 190 വകുപ്പുകൾക്കൊപ്പം 189(2), 191(2), 115(2), 324(5), 352, 307 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ധർമസ്ഥല പൊലീസ് സബ് ഇൻസ്പെക്ടർ സമർത് ആർ. ഗാനിഗേരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അറസ്റ്റ് ആ മേഖലയിൽ അപൂർവ സംഭവമാണെന്ന് പറയുന്നു. ധർമസ്ഥല ഗുണ്ടകൾ ബുധനാഴ്ച യൂട്യൂബർമാരേയും തുടർന്ന് മാധ്യമപ്രവർത്തകരേയും ആക്രമിച്ച സംഭവത്തിൽ ബെൽത്തങ്ങാടി, ധർമസ്ഥല പൊലീസ് സ്റ്റേഷനുകളിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധർമസ്ഥലയിൽ നാലും ബെൽത്തങ്ങാടിയിൽ മൂന്നുമാണ് കേസുകൾ.
കുഡ്ല റാംപേജിലെ യൂട്യൂബർ അജയ് ബുധനാഴ്ച വൈകീട്ട് ധർമസ്ഥലയിലെ പങ്കല ക്രോസിൽ ഒരു വ്യക്തിയുമായി വിഡിയോ അഭിമുഖം റെക്കോഡ് ചെയ്യുന്നതിനിടെ സോമനാഥ് സപല്യയും സംഘവും സ്ഥലത്തെത്തി തന്നെയും കാമറാമാൻ സുഹാസിനെയും സഞ്ചാരി സ്റ്റുഡിയോയിലെ സന്തോഷിനെയും യുനൈറ്റഡ് മീഡിയയിലെ അഭിഷേകിനെയും ആക്രമിച്ചതായി കുഡ്ല റാംപേജിലെ യൂട്യൂബർ അജയ് നൽകിയ പരാതിയിൽ പറഞ്ഞു. മംഗളൂരുവിനടുത്ത ബണ്ട്വാൾ നിവാസിയായ അജയിന്റെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് നടപടിയാരംഭിച്ചത്. സുവർണ ന്യൂസിലെ റിപ്പോർട്ടർ ഹരീഷിന്റെ പരാതിയിൽ മഹേഷ് ഷെട്ടി തിമറോഡിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുകയാണ്. ഷെട്ടി തിരിച്ചും പരാതി നൽകി കേസെടുപ്പിച്ചാണ് അറസ്റ്റ് വൈകിക്കുന്നത്. ഷെട്ടിയുടെ പരാതിയിൽ സുവർണ ന്യൂസ് റിപ്പോർട്ടർക്കും സുവർണ ന്യൂസ് ചാനലിനും എതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

