ധർമസ്ഥല; സ്നാനഘട്ടത്തിന് സമീപത്തുനിന്ന് ആധാർ കാർഡും എ.ടി.എം കാർഡും പാൻ കാർഡും ഷാളും കണ്ടെത്തി
text_fieldsമംഗളൂരു: ധർമസ്ഥലയിലെ കൊലപാതകങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്.ഐ.ടി നടത്തുന്ന മണ്ണുനീക്കിയുള്ള പരിശോധന രണ്ടാംദിനം പിന്നിടുമ്പോഴും മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. പരിശോധന വ്യാഴാഴ്ചയും തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരൻ ചൂണ്ടിക്കാണിച്ച് നൽകിയ ഇടങ്ങളിൽ അഞ്ചിടത്താണ് ഇതുവരെ പരിശോധന നടന്നത്.
അതേസമയം, പരിശോധന നടക്കുന്ന നേത്രാവതി നദീ തീരത്തെ സ്നാനഘട്ടത്തിന് സമീപത്തുനിന്ന് ആധാർ കാർഡും എ.ടി.എം കാർഡും പാൻ കാർഡും ചുവന്ന ഷാളും കണ്ടെത്തിയത് അഭ്യൂഹങ്ങൾക്കിടയാക്കി. എന്നാൽ, മൃതദേഹാവശിഷ്ടങ്ങൾ ലക്ഷ്യംവെച്ചാണ് എസ്.ഐ.ടിയുടെ പരിശോധന. സ്നാനഘട്ടത്തിന്റെ തീരമായതിനാൽ ഇത്തരത്തിൽ പല വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയേക്കുമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.
ഒന്നാമത്തെ പോയന്റിൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡിൽ ലക്ഷ്മി എന്ന പേരും എ.ടി.എം കാർഡിൽ പുരുഷന്റെ പേരുമാണുള്ളതെന്ന് അറിയുന്നു.അതേസമയം, അന്വേഷണം വിലയിരുത്താൻ എസ്.ഐ.ടി തലവൻ ദേബാശിഷ് മൊഹന്തി ബുധനാഴ്ച പരിശോധന സ്ഥലം സന്ദർശിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ മറ്റിടങ്ങളിൽ വ്യാഴാഴ്ച മണ്ണുനീക്കിയുള്ള പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

