പൊലീസ് സേനയിൽ കുറ്റവാളികൾ വർധിക്കുന്നു; നടപടിയുമായി ഡി.ജി.പി
text_fieldsകർണാടക ഡി.ജി.പി എം.എ. സലിം
ബംഗളൂരു: കവർച്ച, മോഷണം, വഞ്ചന എന്നിവയിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സേനയിലെ മോശം പെരുമാറ്റം തടയുന്നതിന് നടപടി ആരംഭിച്ചു. പതിവായി പശ്ചാത്തല പരിശോധനകൾ, സമഗ്രത വിലയിരുത്തലുകൾ, കൗൺസലിങ് എന്നിവ നടത്താൻ കർണാടക പൊലീസ് ഡി.ജി- ഐ.ജി എം.എ. സലീം എല്ലാ പൊലീസ് യൂനിറ്റുകൾക്കും നിർദേശം നൽകി.
ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനോ ജീവനക്കാരനോ ‘ഏറ്റവും കഠിനമായ’ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ഡി.ജി.പിയുടെ സർക്കുലറിൽ അറിയിച്ചു. എല്ലാ ജില്ല പൊലീസ് സൂപ്രണ്ടുമാർക്കും മേഖല മേധാവികൾക്കും കമീഷണർമാർക്കും സർക്കുലർ നടപടിക്കായി അയച്ചിട്ടുണ്ട്. ക്രിമിനൽ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അംഗീകരിക്കാനാകില്ലെന്നും സർക്കുലറിൽ സൂചിപ്പിച്ചു.
ഐ.ജി സ്ക്വാഡ് ഓഫിസർമാരായി അഭിനയിച്ച് സ്വർണ വ്യാപാരിയെ കൊള്ളയടിച്ചതിന് രണ്ട് പൊലീസ് സബ് ഇൻസ്പെക്ടർമാരെ അറസ്റ്റ് ചെയ്ത ദാവൻഗെരെ കേസ്, എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോവുകയായിരുന്ന 7.11 കോടി രൂപ മുൻ കാഷ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്ന് ആസൂത്രിതമായി കൊള്ളയടിച്ചതിന് ഗോവിന്ദ്പുര പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്ത ബംഗളൂരു കേസ് എന്നിവയുൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ സലിം ഉദ്ധരിച്ചു.
സർക്കുലർ പ്രകാരം എല്ലാ കീഴുദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പശ്ചാത്തല പരിശോധനകളും സമഗ്രത വിലയിരുത്തലുകളും പതിവായി നടത്തണം. ധാർമിക പെരുമാറ്റം, നിയമപരമായ ഉത്തരവാദിത്തങ്ങൾ, അഴിമതിയുടെയും ദുഷ്പെരുമാറ്റത്തിന്റെയും അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് അവബോധ സെഷനുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാൻ അദ്ദേഹം വകുപ്പിന് നിർദേശം നൽകി. ‘‘ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചോ ക്രിമിനൽ പെരുമാറ്റത്തെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻതന്നെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുക’’ എന്ന് സർക്കുലറിൽ പറയുന്നു.
കുറഞ്ഞ മനോവീര്യം, ജോലി സംബന്ധമായ സമ്മർദം, ധാർമിക വീഴ്ചകൾക്ക് കാരണമായേക്കാവുന്ന മറ്റു ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും കൗൺസലിങ് പരിപാടികളും നൽകാൻ യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. നിലവിലുള്ള പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണമെന്നും ഒരു സാഹചര്യത്തിലും വ്യതിയാനങ്ങൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസ് മേധാവി യൂനിറ്റ് ഓഫിസർമാരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

