അനാചാരത്തിന്റെ ബാക്കിപത്രമായി ദേവദാസി മക്കൾ; നിർമിതബുദ്ധി യുഗത്തിലും ആചാരനിർമാർജനം അകലെ
text_fieldsമാരി ദേവിയും മക്കളും
ബംഗളൂരു: നിരോധം നിലനിൽക്കുമ്പോഴും കർണാടകയിൽ ദേവദാസി ആചാരം നിർമാർജനം അപൂർണമെന്ന് റിപ്പോർട്ട്. ആദരവോടെ കണ്ട കാലം പിന്നിട്ട ദേവദാസികൾ ലൈംഗിക ചൂഷണ ഇരകളായി കഴിയുമ്പോൾ നിന്ദ്യരാവുന്നത് അവർക്ക് പിറക്കുന്ന സന്തതികളാണ്.
ജനന സാക്ഷ്യപത്രം തൊട്ട് ജീവിതത്തിലുടനീളം പിതൃ ശൂന്യത അവരെ വേട്ടയാടുന്നു. സംസ്ഥാനത്ത് കാൽ ലക്ഷത്തോളം ദേവദാസികൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ഓരോരുത്തർക്കും രണ്ട് മക്കൾ. അവരിൽ പലർക്കും പേരക്കുട്ടികളും. വിജയനഗര ജില്ലയിൽ തുപ്പക്കനഹള്ളി ഗ്രാമത്തിലെ മുതിർന്നവരുടെ സമ്മർദത്തെത്തുടർന്നാണ് മാരിദേവി (25) ദേവദാസി ആചാര ഇരയായത് .ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാതാവ് ദുർഗമ്മ രോഗബാധിതയായി. സാഹചര്യസമ്മർദത്തിൽ അവളും ദേവദാസിയായി. 1984ൽ നിരോധിച്ചെങ്കിലും ദേവദാസി സമ്പ്രദായം ഇപ്പോഴും തുടരുന്നു. ലൈംഗിക ചൂഷണത്തിലൂടെ സ്ത്രീത്വത്തെ തരംതാഴ്ത്തുന്ന ഈ ആചാരം സംസ്ഥാനത്തെ 15 ജില്ലകളിൽ തുടരുന്നു.
2025 ലെ കർണാടക ദേവദാസി (പ്രതിരോധം, നിരോധനം, ആശ്വാസം, പുനരധിവാസം) ബില്ലിനെത്തുടർന്ന് നടത്തിയ ദേവദാസി റീ സർവേ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മാരിദേവിക്കും ഈ സമ്പ്രദായം നിരോധിച്ചതിനുശേഷം ജനിച്ച മറ്റ് ദേവദാസികൾക്കും പ്രതീക്ഷ നഷ്ടപ്പെടുന്നതാണ് സാഹചര്യം. ദേവദാസി സ്ത്രീക്ക് വിവാഹം കഴിക്കാൻ കഴിയില്ല. എന്നാൽ വിവാഹിതരായ പുരുഷന്മാർക്ക് ദേവദാസികളുമായി ബന്ധം രഹസ്യമായി തുടരാം. ഫലത്തിൽ ഇത് ലൈംഗിക ചൂഷണമാണ്. അയൽ ഗ്രാമത്തിലെ നായക സമുദായത്തിൽ നിന്നുള്ള വിവാഹിതനായ ഭർത്താവ് സമ്മാനിച്ച രണ്ടു സന്തതികളുടെ ഭാരവും അപമാനവും പേറുകയാണ് മാരിദേവി. ആറും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളാണ് അവർക്ക് . ഇളയ കുട്ടിക്ക് കാഴ്ച വൈകല്യമുണ്ട്. പട്ടികജാതി വിഭാഗത്തിൽ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട മാഡിഗ സമുദായത്തിൽപെട്ടവളാണ് മാരിദേവി.
ദേവദാസി റീ-സർവേ സഹായകരമാകുമെന്ന തന്റെ പ്രതീക്ഷ അസ്തമിച്ചുവെന്ന് മാരിദേവി. ആവശ്യമായ രേഖകളുമായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ, വളരെക്കാലം മുമ്പ് നിരോധിച്ച ഒരു സംവിധാനം പരിശീലിച്ചതിന് ഞാൻ ജയിലിലാകുമെന്ന് അവർ ഭീഷണിപ്പെടുത്തി. 2008-ൽ നടന്ന സർവേക്ക് ശേഷമാണ് മാരിദേവി ദേവദാസിയായത്. അതിനാൽ നിലവിലെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയാൽ മാത്രമേ അവർക്ക് സർക്കാർ സഹായം ലഭിക്കൂ.
രോഗിയായ മാതാവിന് ലഭിക്കുന്ന 2000 രൂപ ദേവദാസി പെൻഷനാണ് ഏക വരുമാനം. അസുഖബാധിതരെ തനിച്ചാക്കി മാരിദേവിക്ക് ജോലിക്ക് പോകാനും കഴിയില്ല. ദേവദാസി സർട്ടിഫിക്കറ്റ് ഇല്ലാതെ സർക്കാറിന്റെ സമ്പാദ്യ പദ്ധതി ആനുകൂല്യങ്ങളും ലഭിക്കില്ല. ദേവദാസി കുട്ടികൾക്ക് പിതാവിന്റെ പേര് പരാമർശിക്കാൻ അനുവാദമില്ല. സന്നദ്ധ സംഘടനയുടെ പിന്തുണയോടെ ഉദ്യോഗസ്ഥർ അവരുടെ അപേക്ഷ സ്വീകരിച്ചെങ്കിലും 1984 ന് ശേഷം ജനിച്ചതിനാൽ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് മാരിദേവി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 23,395 മുൻ ദേവദാസികൾ ഉണ്ടെന്നാണ്. മുൻ സർവേയിൽ ഈ സംഖ്യ 46,660 ആയിരുന്നു. റിപ്പോർട്ട് പ്രകാരം 18,000-ത്തിലധികം ദേവദാസികൾ മരിച്ചു. ബഗൽകോട്ടിലാണ് ഏറ്റവും കൂടുതൽ മുൻ ദേവദാസികൾ ഉള്ളത്-4189 പേർ. വിജയനഗര 3876 പേരുമായി രണ്ടാം സ്ഥാനത്താണ്. 42 വയസ്സിന് മുകളിലുള്ള എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തിട്ടുണ്ടെന്ന് കൊപ്പൽ ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. സുരേഷ് ബി. ഇറ്റ്നൽ പറയുന്നു.
പേരുകൾ ശിപാർശ ചെയ്യേണ്ടത് ജില്ലാ സർവേ കമ്മിറ്റികളാണെന്നും തഹസിൽദാറും ഡി.സിയും അംഗീകരിക്കുന്ന പേരുകൾ മാത്രമേ വകുപ്പ് പരിഗണിക്കൂ എന്നുമാണ്. "ഇളയ ദേവദാസികളെ നമുക്ക് ഉൾപ്പെടുത്താൻ കഴിയില്ല. 1984ൽ നിർത്തലാക്കപ്പെട്ടതിനുശേഷം സംസ്ഥാന സർക്കാർ അവരുടെ പുനരധിവാസത്തിനായി മുൻകൈയെടുത്ത് നടപടികൾ സ്വീകരിച്ചു. എന്നിട്ടും പെൺകുട്ടികൾ ദേവദാസികളായി മാറിയിട്ടുണ്ടെങ്കിൽ, അത് വ്യവസ്ഥിതിയെ പരിഹസിക്കുന്നതല്ലേയെന്നുമാണ് വനിതാ ശിശു വികസന ഡയറക്ടർ എൻ.മഹേഷ് ബാബു ചോദിക്കുന്നത്.
റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ട് മാസമായി. ഭരണകൂടം 6222 അപേക്ഷകൾ പരിശോധിച്ചു വരികയാണെന്ന് പറയുന്നു. ഏഴ് ജില്ലകളിലായി പരിശോധന പൂർത്തിയായതായും ഏകദേശം 1000 അപേക്ഷകൾ സ്വീകരിച്ചതായും മഹേഷ് ബാബു പറഞ്ഞു. ബാക്കിയുള്ള ജില്ലകളോട് എത്രയും വേഗം അപേക്ഷകൾ തീർപ്പാക്കാൻ അദ്ദേഹം അഭ്യർഥിച്ചു. മുൻ സർവേകളിൽ തിരിച്ചറിഞ്ഞ ദേവദാസി സ്ത്രീകളുടെ പുനരധിവാസ പ്രക്രിയ ഏറെ നിരാശാജനകമാണെന്ന് ഡേറ്റ കാണിക്കുന്നു. പുനരധിവാസ പദ്ധതികൾ പ്രകാരം ഏകദേശം 66ശതമാനം ദേവദാസികൾക്കും വീട് ലഭിച്ചിട്ടില്ല. 97.91ശതമാനം ദേവദാസി സ്ത്രീകളുടെയും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയാണ്. മൂന്ന് തലമുറകളിലായി 0.43 ശതമാനം കുട്ടികൾ മാത്രമാണ് ബിരുദധാരികൾ. ദേവദാസി കുടുംബങ്ങൾക്ക് ദീർഘകാല പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഗായത്രി എന്ന കുട്ടിയുടെ അവസ്ഥ സൂചന നൽകുന്നത്. ദേവദാസി കുടുംബത്തിന്റെ പേരക്കുട്ടിയായ ഗായത്രി അഞ്ചാം ക്ലാസ്സിനു ശേഷം പഠനം ഉപേക്ഷിച്ച് ഹൊസപേട്ടക്കടുത്തുള്ള നാഗേനഹള്ളിയിൽ കുടുംബം പോറ്റാൻ കർഷകത്തൊഴിലാളിയായി ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് മറ്റൊരു ജാതിയിൽപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലായി.ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടു. എന്നാൽ ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് അവരെ വേർപെടുത്തി ദേവദാസി ആചാരത്തിലേക്ക് തള്ളി. "അന്ന് എനിക്ക് 17 അല്ലെങ്കിൽ 18 വയസ്സായിരുന്നു, എനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല," ഗായത്രി പറഞ്ഞു. ഇപ്പോൾ 27 വയസ്സുള്ള അവർ രണ്ട് കുട്ടികളുടെ മാതാവാണ്.
ആചാരമല്ല, സാഹചര്യ സമ്മർദം -ഡോ. എൻ.ടി. ശ്രീനിവാസ് എം.എൽ.എ
ബംഗളൂരു: ദേവദാസി സമ്പ്രദായം ഇപ്പോൾ ആചാരത്തിൽ മാത്രം വേരൂന്നിയതല്ല, മറിച്ച് സാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്നതാണെന്ന് കുഡ്ലിഗി എം.എൽ.എയും കോൺഗ്രസ് നേതാവുമായ ഡോ. എൻ.ടി. ശ്രീനിവാസ് അഭിപ്രായപ്പെട്ടു.
ദേവദാസി പുനരധിവാസത്തിനായി വിവിധ വകുപ്പുകളിൽ നിന്നും വിവിധ പദ്ധതികളിൽ നിന്നും കൂടുതൽ ഫണ്ട് നേടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പാരമ്പര്യത്തിനപ്പുറം, മാതാപിതാക്കൾ ഇപ്പോഴും മൂന്ന് പ്രധാന കാരണങ്ങളാൽ പെൺമക്കളെ സമർപ്പിക്കുന്നു: അവർ ഏക കുട്ടിയാണെങ്കിൽ, പുരുഷ അവകാശിയുടെ അഭാവത്തിൽ, അല്ലെങ്കിൽ പെൺകുട്ടി ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിൽ. വിജയനഗര ജില്ലയിലെ വദ്രഹള്ളിയിൽ നിന്നുള്ള അങ്കിതയുടെ സഹോദരൻ മൂന്ന് വർഷം മുമ്പ് അപകടത്തിൽ മരിച്ചു.
അതേത്തുടർന്ന് 23 കാരിയായ അങ്കിതയുടെ ജീവിതം തകിടം മറിഞ്ഞു.ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ മാതാപിതാക്കൾ മകളെ ദൈവത്തിന് സമർപ്പിക്കാൻ തീരുമാനിച്ചു. കൊപ്പൽ ജില്ലയിലെ ഹുളിഗെമ്മ ക്ഷേത്രത്തിൽ പകൽ സമയത്താണ്ദേ വദാസി ദീക്ഷാ ചടങ്ങുകൾ നടന്നതെന്ന് എംഎൽഎയുടെ സാക്ഷ്യം- “ഈ ആചാരം നിരോധിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ക്ഷേത്രത്തിൽ പൊലീസ് ഉണ്ടായിരുന്നു, പക്ഷേ ആരും ഞങ്ങളെ ചോദ്യം ചെയ്തില്ല,” മാതാപിതാക്കൾ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുവരെ അങ്കിത ചെറുത്തുനിന്നു.
സർക്കാർ കണക്കുകൾ അപൂർണ്ണമാണെന്ന് സംസ്ഥാന സർവേ കമ്മിറ്റി അംഗവും ദേവദാസി വനിതാ ഫോറം പ്രതിനിധിയുമായ ചന്ദലിംഗ കലാലബന്ദി അവകാശപ്പെട്ടു . കർണാടകയിൽ ഏകദേശം മൂന്ന് ലക്ഷം ദേവദാസി കുട്ടികൾ ഉണ്ട്. പിന്തുണാ സംവിധാനമില്ലാതെ ദേവദാസി കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാനോ മെച്ചപ്പെട്ട ഉപജീവനമാർഗ്ഗം തേടാനോ ബുദ്ധിമുട്ടാണ് .2024-25 ൽ സംസ്ഥാനത്തെ എല്ലാ ദേവദാസി സ്ത്രീകൾക്കും ഭവന നിർമ്മാണവും പ്രത്യേക പാക്കേജും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

