ഉപമുഖ്യമന്ത്രിയുടെ ‘ബംഗളൂരു വോക്ക്’; തടസ്സപ്പെടുത്തി ബി.ജെ.പി എം.എൽ.എ
text_fieldsഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജെ.പി പാർക്കിൽ ‘ബംഗളൂരു വോക്കി’ന്റെ ഭാഗമായി പൊതുജനങ്ങളുമായി സംസാരിക്കുന്നു
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജെ.പി പാർക്കിൽ നടത്തിയ ‘ബംഗളൂരു വോക്ക്’ പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി ബി.ജെ.പി എം.എൽ.എ മുനിരത്ന. മുദ്രാവാക്യം വിളികളുമായി പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ ഇദ്ദേഹത്തിന്റെ അനുയായികളെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. ജനങ്ങളുടെ പരാതികളും നിർദേശങ്ങളും കേൾക്കുകയായിരുന്നു ശിവകുമാർ. ഇതിനിടെ ഇത് കോൺഗ്രസ് പരിപാടിയാണെന്നും സർക്കാർ പരിപാടിയല്ലെന്നും ആരോപിച്ച് ജനങ്ങൾക്കിടയിൽനിന്ന് ആർ.എസ്.എസ് വേഷം ധരിച്ച എം.എൽ.എ രംഗത്തുവരുകയായിരുന്നു.
ബാനറിൽ പ്രദേശത്തെ ജനപ്രതിനിധികളുടെ ഫോട്ടോയില്ല, എം.എൽ.എ ആയ തന്നെ അറിയിച്ചില്ല എന്നും രാജരാജേശ്വരി നഗർ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എ കുറ്റപ്പെടുത്തി. തുടർന്ന് എം.എൽ.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, ഈ ബഹളം ശ്രദ്ധിക്കേണ്ടതില്ലെന്നും പരിപാടി അലങ്കോലമാക്കാനാണ് എം.എൽ.എയുടെ ശ്രമമെന്നും ഉപമുഖ്യമന്ത്രി ജനങ്ങളോടു പറഞ്ഞു. ഡി.കെ. ശിവകുമാറും മുനിരത്നയും തമ്മിൽ നിരന്തരം ശീതസമരത്തിലാണ്. നേരത്തേ കോൺഗ്രസിലായിരുന്ന എം.എൽ.എ പിന്നീട് ബി.ജെ.പിയിൽ ചേർന്ന് യെദിയൂരപ്പ സർക്കാറിൽ മന്ത്രിയായി. ബി.ജെ.പി പ്രവർത്തക അടക്കം നൽകിയ പരാതിയിൽ എം.എൽ.എക്കെതിരെ ബലാത്സംഗക്കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

