ചീഫ് സെക്രട്ടറിക്കെതിരായ അപകീർത്തി പരാമർശം; ബി.ജെ.പി എം.എൽ.സിക്കെതിരെ കേസ്
text_fieldsബി.ജെ.പി എം.എൽ.സി എൻ. രവികുമാർ
ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.സിയും നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ ചീഫ് വിപ്പുമായ എൻ. രവികുമാറിനെതിരെ ബംഗളൂരു വിധാൻ സൗധ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിതയിലെ 351-മൂന്ന് (ഭീഷണിപ്പെടുത്തൽ), 75- മൂന്ന് (ലൈംഗിക പീഡനം), 79 (വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ജൂലൈ ഒന്നിന് വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ രവികുമാർ വിവാദ പരാമർശം നടത്തിയതായാണ് ചീഫ് സെക്രട്ടറിയുടെ പരാതി. ‘‘ചീഫ് സെക്രട്ടറി രാത്രി സംസ്ഥാന സർക്കാറിനു വേണ്ടിയും പകൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു വേണ്ടിയും പ്രവർത്തിക്കുന്നു’’ എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന.
ലൈംഗിക ചുവയോടെയുള്ള രവികുമാറിന്റെ പ്രസ്താവന മുതിർന്ന ഐ.എ.എസ് ഓഫിസറായ തന്നെയും മറ്റു സ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് രവികുമാർ നിരുപാധികം മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു.
ഐ.എ.എസ് വനിത ഉദ്യോഗസ്ഥക്കെതിരെ തുടർച്ചയായി ഇത് രണ്ടാം തവണയാണ് രവി കുമാർ മോശം പരാമർശം നടത്തുന്നത്. കഴിഞ്ഞ മേയിൽ കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരന്നമിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് രവികുമാറിന് കർണാടക ഹൈകോടതിയുടെ വിമർശനമേറ്റിരുന്നു. ഡെപ്യൂട്ടി കമീഷണർക്കെതിരായ പരാമർശത്തിൽ കലബുറഗി സ്റ്റേഷൻ ബസാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവികുമാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ബി.ജെ.പി നേതാവിനെ രൂക്ഷമായി വിമർശിച്ചത്.
മന്ത്രി പ്രിയങ്ക് ഖാർഗെ രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് 24ന് ബി.ജെ.പി സംഘടിപ്പിച്ച ‘കലബുറഗി ചലോ’ റാലിയിൽ സംസാരിക്കവെയാണ് രവികുമാർ ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരന്നമിനെതിരെ അപക്വവും വർഗീയപരവുമായ പരാമർശം നടത്തിയത്. ജില്ല ഡെപ്യൂട്ടി കമീഷണർ പാകിസ്താനിൽനിന്ന് വന്നയാളെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു വിവാദ പ്രസ്താവന. കലബുറഗി ഡെപ്യൂട്ടി കമീഷണർക്കെതിരായ വിദ്വേഷ-വർഗീയ പരാമർശത്തിനെതിരെ കർണാടകയിലെ ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

