കരിസമ്മ മരണം വരിക്കുന്നു, അന്തസ്സോടെ
text_fieldsകരിസമ്മ
ബംഗളൂരു: ഗവ. സ്കൂൾ അധ്യാപികയായി വിരമിച്ച ദാവണഗരെയിലെ എച്ച്.ബി. കരിസമ്മ തന്റെ 85ാം വയസ്സിൽ ജീവിതത്തിൽനിന്ന് വിരമിക്കുകയാണ്. അന്തസ്സോടെ മരിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന കർണാടകയിലെ ആദ്യ വ്യക്തിയാകാനുള്ള ഒരുക്കത്തിലാണവർ. കഴിഞ്ഞ മാസം 30ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം മാരക രോഗികൾക്ക് മരണം വരിക്കാൻ നിയമപരമായി അവകാശമുണ്ട്. ഈ വഴി തേടിയാണ് കരിസമ്മ ചിരകാല സ്വപ്നം പൂർത്തീകരിക്കുന്നത്.
ഈ ഒരു നിമിഷത്തിനായുള്ള പോരാട്ടത്തിലായിരുന്നു കഴിഞ്ഞ 24 വർഷമായി ടീച്ചർ. ശാരീരിക, വൈകാരിക വെല്ലുവിളികൾ നേരിട്ടു. നട്ടെല്ലിനേറ്റ ക്ഷതം 30 വർഷത്തിലേറെയായി അലട്ടുന്ന വയോധികയെ അർബുദവും ബാധിച്ചു. അന്തസ്സായി അന്ത്യം ആഗ്രഹവുമായി മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി എന്നീ ഭരണ, ഭരണഘടന സ്ഥാനങ്ങളെ നിരന്തരം സമീപിച്ചു. 2018ൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയിരുന്നു.
അന്തസ്സോടെ മരിക്കാനുള്ള അവകാശം ദയാവധവുമായി കൂട്ടിക്കുഴക്കരുതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ജീവൻ നിലനിർത്തുന്ന ചികിത്സയോട് പ്രതികരിക്കാത്ത, ജീവൻരക്ഷാ സംവിധാനത്തിലുള്ള രോഗികൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദാവണഗരെയിലെ ഒരു വൃദ്ധസദനത്തിൽ ഭർത്താവിനൊപ്പം താമസിക്കുകയാണ് കരിസമ്മ. മാന്യമായ മരണത്തിനുള്ള അവകാശം തേടിയെത്തിയ അവർക്ക് സ്വത്തും സാമ്പത്തിക സുരക്ഷയും ബന്ധങ്ങളും നഷ്ടപ്പെട്ടു. ഭൗതിക സ്വത്തുക്കളിൽനിന്ന് വേർപിരിഞ്ഞ ജീവിതം തെരഞ്ഞെടുത്ത അവർ തന്റെ ശേഷിക്കുന്ന സമ്പാദ്യം ആറു ലക്ഷം രൂപ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി സംഭാവന ചെയ്തു. അവർക്ക് മക്കളില്ല. സഹിക്കാനാവാത്ത വേദന അനുഭവിക്കുന്നവർ അന്തസ്സോടെ മരിക്കാനുള്ള അവകാശം അർഹിക്കുന്നുവെന്നാണ് കരിസമ്മയുടെ ഉറച്ച വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

