വധഭീഷണി; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പൊലീസ് സംരക്ഷണം തേടി
text_fieldsമുഹമ്മദ് സുബൈർ ബംഗളൂരു ഈസ്റ്റ് ഡി.സി.പി ഓഫിസിൽ പരാതി നൽകിയ ശേഷം പുറത്തുവരുന്നു
ബംഗളൂരു: വധഭീഷണിയെ തുടർന്ന് മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹ സ്ഥാപകനുമായ മുഹമ്മദ് സുബൈർ പൊലീസ് സംരക്ഷണം തേടി. വിലാസവും ഫോൺ നമ്പറുമടക്കമുള്ള തന്റെ വ്യക്തിഗത വിവരങ്ങൾ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും തന്നെ വർഗീയമായി ലക്ഷ്യംവെച്ച് ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നും ബംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
തന്റെ വീട്ടുവിലാസമടക്കം ഓൺലൈനിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വസ്തുതാന്വേഷണ മാധ്യമപ്രവർത്തകനായ താൻ ജോലിയുടെ പേരിൽ തുടർച്ചയായി ഓൺലൈനിൽ അസഭ്യവർഷത്തിനും ഭീഷണിക്കും ഇരയാവുന്നുണ്ടെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു.
‘സൈബർ ഹണ്ട്സ്’ എന്ന അക്കൗണ്ട് ഉടമ തിങ്കളാഴ്ച ചെയ്ത ട്വീറ്റിൽ സുബൈറിന്റെ വീട്ടിലേക്ക് പന്നിയിറച്ചി അയച്ചു നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇത് തന്റെ മതപരമായ സ്വത്വത്തെ നിന്ദിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തിരുന്നു. നീക്കം ചെയ്ത ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
‘അമീർ ലട്ക’, ‘നാഷൻഫസ്റ്റ്1223’ എന്നീ അക്കൗണ്ടുകൾ തന്റെ പാൻ കാർഡ് നമ്പർ, ഫോൺ നമ്പർ, വിലാസം തുടങ്ങി തന്റെ സ്വകാര്യതക്ക് ഭീഷണിയാവുന്ന പല പോസ്റ്റുകളും എക്സ് അക്കൗണ്ടിലിട്ടിരുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് പോസ്റ്റിലെ വിവരങ്ങൾ സേവ് ചെയ്യണമെന്നുകൂടി പ്രസ്തുത പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സ്വകാര്യതക്കെതിര മനഃപൂർവവും സംഘടിതവുമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
2023 ഏപ്രിലിലും സൈബർ ഹണ്ട്സ് എന്ന അക്കൗണ്ടിൽനിന്ന് സമാനമായ ആക്രമണമുണ്ടായിരുന്നു. അന്നും തന്റെ സ്വകാര്യ വിവരങ്ങൾ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ, അന്ന് നൽകിയ പരാതിയിൽ ബംഗളൂരു പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മൂന്നു മാസത്തിനു ശേഷം കേസ് ക്ലോസ് ചെയ്തതായും സുബൈർ ആരോപിച്ചു. ഇത്തവണയെങ്കിലും തന്റെ പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് സുബൈർ എക്സിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ടാഗ് ചെയ്ത് കുറിച്ചു.
തന്റെ പരാതിയിൽ യഥാസമയം നടപടിയെടുക്കാൻ പരാജയപ്പെട്ടാൽ അത് തന്റെ ജീവൻ മാത്രമല്ല അപകടത്തിലാക്കുന്നതെന്നും മറ്റു മാധ്യമപ്രവർത്തകരെയും തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മറ്റു വസ്തുതാന്വേഷകരെയുംകൂടി ബാധിക്കുമെന്നും സുബൈർ പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

