മലിനജല പ്ലാന്റ് വൃത്തിയാക്കലിനിടെ മരണം; അഞ്ചുപേർക്കെതിരെ കേസ്
text_fieldsബംഗളൂരു: അപാർട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികൾ മരിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കനകപുര റോഡ് കോണനകുണ്ഡെയിലെ അപാർട്ട്മെന്റിൽ നടന്ന അപകടത്തിൽ അപാർട്ട്മെന്റ് മാനേജ്മെന്റും സ്ഥാപന ഉടമയും ജീവനക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കൊനാനകുണ്ഡെ പൊലീസ് കേസെടുത്തു.
തുമകൂരു സ്വദേശി രവികുമാര്‍ (29), ഒഡിഷ സ്വദേശി ദിലീപ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് ഇരുവരും. പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ഇരുവരും അറ്റകുറ്റപ്പണിക്കായി എത്തിയത്.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കമ്പനിയിലെ സൂപ്രണ്ട് പാര്‍പ്പിട സമുച്ചയത്തിലെ സുരക്ഷ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും ബോധമറ്റ നിലയില്‍ പ്ലാന്റിന് സമീപം കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലാന്റിനുള്ളില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.