മലിനജലം കുടിച്ച് മരണം: ഗർഭസ്ഥ ശിശുവും മരിച്ചു
text_fieldsബംഗളൂരു: മലിനജലം കുടിച്ച് ചിത്രദുർഗ ജില്ലയിൽ ആറുപേർ മരിച്ച സംഭവത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ലോകായുക്ത സമൻസ് അയച്ചു. ചിത്രദുർഗയിലെ കവദിഗരഹട്ടിയിലാണ് മുനിസിപ്പാലിറ്റി വിതരണം ചെയ്ത വെള്ളത്തിൽ മാലിന്യം കലർന്നതിനെ തുടർന്ന് ആറുപേർ മരിക്കുകയും 180ൽ അധികം പേർ ആശുപത്രിയിൽ ചികിത്സയിലാകുകയും ചെയ്തത്.
സംഭവത്തിന്റെ പുതിയ വിവരങ്ങൾ തേടിയ ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ ദുരന്തം വേദനജനകമാണെന്ന് പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അന്വേഷണം നടക്കുകയാണ്. ബംഗളൂരു നഗരവികസന വകുപ്പ് സെക്രട്ടറി, ചിത്രദുർഗ ജില്ല കമീഷണർ, ചിത്രദുർഗ മുനിസിപ്പാലിറ്റി അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ, ജില്ല ആരോഗ്യ ഓഫിസർ, മുനിസിപ്പാലിറ്റി കമീഷണർ, എ.ഇ.ഇ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരോടാണ് നേരിട്ട് ഹാജരാകാൻ ലോകായുക്ത സമൻസ് അയച്ചിരിക്കുന്നത്. ലോകായുക്ത ഓഫിസിൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഹാജരാകാനാണ് ആവശ്യം.
ജൂലൈ 31നാണ് ചിത്രദുർഗയിൽ മലിനംജലം കുടിച്ച് ദോഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായവർ മരിച്ചു. കഴിഞ്ഞ ദിവസം വരെ ആറുപേരാണ് മരിച്ചത്.
185 പേർ വരെ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. 22 കാരിയായ ഉഷയുടെ ഗർഭസ്ഥശിശുവാണ് ഒടുവിൽ മരിച്ചത്. പ്രസവത്തിനായി കവടിഗരഹട്ടിയിലെ സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഉഷ. എന്നാൽ, ഗർഭസ്ഥശിശു മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ടുണ്ട്.
മുനിസിപ്പാലിറ്റി കുടിവെള്ളം വിതരണം ചെയ്യുന്ന ഭൂമിക്കടിയിലെ പല കുടിവെള്ള പൈപ്പുകൾക്കും ചോർച്ചയുണ്ട്. ഇതിലൂടെ കുടിവെള്ളത്തിൽ മാലിന്യം കലരുകയാണ്. ഇതു കുടിച്ചാണ് പല ഗ്രാമങ്ങളിലും മരണം വരെ സംഭവിക്കുന്നത്. മറ്റ് പല സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്.
ചിത്രദുർഗ ദുരന്തത്തിൽ മുനിസിപ്പാലിറ്റിയിലെ അസി. എക്സിക്യുട്ടിവ് എൻജിനീയർ ആർ. മഞ്ജുനാഥ് ഗിരദ്ദി, ജൂനിയർ എൻജിനീയർ എസ്.ആർ കിരൺകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുടിവെള്ള പൈപ്പ് വിതരണത്തിലെ വാൽവ് ഓപറേറ്റർ ആയ പ്രകാശിനെയും ജില്ല കമീഷണർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

