റമദാനിൽ സജീവമായി ഈത്തപ്പഴ വിപണി
text_fieldsശിവാജി നഗറിലെ ഈത്തപ്പഴ വിപണി
ബംഗളൂരു: പുണ്യ റമദാനുമായി അഭേദ്യമായ ബന്ധമുള്ള വിശിഷ്ട പഴമാണ് ഈത്തപ്പഴം. പകല്‍ സമയത്തെ വ്രതത്തിനൊടുവില്‍ വിശ്വാസികള്‍ നോമ്പു തുറക്കുന്നത് ഈത്തപ്പഴമോ കാരക്കയോ കഴിച്ചുകൊണ്ടാണ്. 97 വര്‍ഷം പഴക്കമുള്ള റസല്‍ മാര്‍ക്കറ്റിലെ ഈത്തപ്പഴക്കച്ചവടം നാട്ടുകാരെ മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടി ആകർഷിക്കുന്നുണ്ട്.
ആദ്യമായി ബംഗളൂരുവില്‍ വിവിധ തരത്തിലുള്ള ഈത്തപ്പഴം കച്ചവടം എന്ന ആശയം തുടങ്ങിയത് തന്റെ വല്ലിപ്പയായിരുന്നെന്ന് റസല്‍ മാര്‍ക്കറ്റിൽ കട നടത്തുന്ന ഇദ്രീസ് പറഞ്ഞു. 1927ൽ തന്റെ വല്ലിപ്പയുടെ കാലത്ത് ആരംഭിച്ചതാണ് കട. സൗദി അറേബ്യ, ഇറാന്, ജോർഡന്, തുനീഷ്യ, ഇറാഖ്, അഫ്ഗാനിസ്താന് തുടങ്ങി എട്ട് രാജ്യങ്ങളില്‍നിന്നുള്ള വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങൾ ഇവിടെ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. റമദാന് സമയങ്ങളില്‍ കടയില്‍ സ്ഥിരമായി എക്സിബിഷന് നടക്കാറുണ്ട്. ഇത്തവണ 15 ദിവസമാണ് എക്സിബിഷന് നടക്കുക.
പ്രകൃതിദത്ത ഈത്തപ്പഴം, മൃദുവായ ഈത്തപ്പഴം, സാള്‍ട്ടഡ് ഈത്തപ്പഴം, ചോക്ലറ്റ് പൊതിഞ്ഞ ഈത്തപ്പഴം തുടങ്ങി 45 തരത്തിലുള്ള ഈത്തപ്പഴങ്ങളും ലഭ്യമാണ്. ഷുഗര്‍ ഫ്രീ ഈത്തപ്പഴമായ മെഡ്ജോള്‍ കിങ് ആണ് കൂട്ടത്തില്‍ ഏറ്റവും വില കൂടിയത്. കിലോക്ക് 2400 രൂപയാണ് വില. മുഖ്യമന്ത്രി സിദ്ധരാമയ്യക്കു പ്രിയങ്കരമായ ഈത്തപ്പഴമാണ് ഇത്. ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള അജ്വ ഈത്തപ്പഴത്തിന് 1600 രൂപയാണ് മാര്‍ക്കറ്റ് വില.
റസല്‍ മാര്‍ക്കറ്റ് പിന്നിട്ട് അൽപം മുന്നോട്ട് നടന്നാല്‍ ഈത്തപ്പഴ കടകളുടെ മറ്റൊരു നിരതന്നെ കാണാം. ഇന്ത്യക്ക് പുറത്തുള്ള വിവിധ രാജ്യങ്ങളില്‍നിന്നാണ് ഈത്തപ്പഴം ഇന്ത്യന്‍ വിപണിയിലേക്ക് പ്രധാനമായും എത്തുന്നത്. സൗദി അറേബ്യയില്‍നിന്ന് സഫാഫി, അജ്വ, മബ്റൂം എന്നീ ഇനങ്ങൾ വിപണി കീഴടക്കുമ്പോള്‍ ഇറാനി കജൂര്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കിലോക്ക് 100 രൂപ മുതല്‍ ഇറാനി കജൂര്‍ ലഭ്യമാണ്. വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങള്‍ കടയില്‍ സുലഭമായി ലഭിക്കുന്നു. ഇവയില്‍ ഇപ്പോഴത്തെ താരമാണ് ചോക്കോ ഡേറ്റ്സ് പാന്‍. ഈത്തപ്പഴത്തിനുള്ളില്‍ ചോക്ലറ്റും വെറ്റിലയും പ്രത്യേക തരത്തില്‍ നിറച്ചാണ് ഇത് തയാറാക്കുന്നത്. റമദാന് കാലത്ത് ഇറാനി കജൂറിനും സഫാഫിക്കുമാണ് ആവശ്യക്കാര്‍ അധികമെന്ന് ശിവാജി നഗറിൽ 30 വര്‍ഷത്തിലേറെയായി ഡ്രൈഫ്രൂട്ട്സ് കട നടത്തുന്ന ഫിർദൗസ് അഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

