കനത്ത സുരക്ഷയിൽ നടൻ ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റി
text_fieldsബംഗളൂരു: രേണുക സ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ ദർശൻ തൂഗുദീപയെ ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് വ്യാഴാഴ്ച രാവിലെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് ബെള്ളാരിയിലേക്ക് റോഡ് മാർഗം കൊണ്ടുപോയത്. ഡെപ്യൂട്ടി കമീഷണർ പ്രശാന്ത് കുമാർ മിശ്ര, ഡോ. ശോഭ റാണി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നടപടി. ബെള്ളാരി ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ദർശന്റെ ആരോഗ്യനില പരിശോധിച്ചു.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വി.ഐ.പി പരിഗണന ലഭിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റാൻ വിചാരണ കോടതി അനുമതി നൽകിയത്. ദർശൻ ഉൾപ്പെട്ട രേണുക സ്വാമി വധക്കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ 24ാം നമ്പർ അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കേസിലെ 17 പ്രതികളിൽ മറ്റു ഒമ്പത് പ്രതികളെ കൂടി സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റും. ഒന്നാം പ്രതി പവിത്ര ഗൗഡ പരപ്പന അഗ്രഹാര ജയിലിൽത്തന്നെ തുടരും.

