വിവാദങ്ങൾ അകമ്പടിയേകിയ താരജീവിതം
text_fieldsഅറസ്റ്റിലായ നടൻ ദർശൻ തൂഗുദീപ പൊലീസ് സ്റ്റേഷനിൽനിന്ന്
പുറത്തേക്കുവരുന്നു
ബംഗളൂരു: വിവാദങ്ങൾ അകമ്പടിയേകിയ താരജീവിതമാണ് സാൻഡൽവുഡിലെ ‘ചലഞ്ചിങ് സ്റ്റാർ’ ദർശൻ തൂഗുദീപുടേത്. കൊലപാതകക്കേസിൽ ദർശനോടൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിലാണ് ഇതിനുമുമ്പ് ദർശൻ വാർത്തകളിൽ നിറഞ്ഞുനിന്നത്. ദർശനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പവിത്ര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കഴിഞ്ഞ ജനുവരിയിൽ വെളിപ്പെടുത്തിയിരുന്നു. ‘ഒരു ദശാബ്ദം പിന്നിട്ടു, എന്നേക്കുമായി ഇനിയും മുന്നോട്ട്. 10 വർഷം! 10 വർഷം തികഞ്ഞു ഞങ്ങളുടെ ബന്ധത്തിന്. നന്ദി...’ -പവിത്ര ഗൗഡ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു.
തങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മിക്കും അറിവുണ്ടായിരുന്നതായാണ് പവിത്രയുടെ വെളിപ്പെടുത്തൽ. അതു പ്രശ്നമില്ലെന്നാണ് വിജയലക്ഷ്മി പറഞ്ഞത്. എന്നാൽ, ഇപ്പോൾ ആളുകൾ എന്നെയും കൗമാരക്കാരിയായ മകളെയും ചീത്തവിളിക്കുന്നു. അതെന്നെ മാനസികമായി വേദനിപ്പിക്കുന്നു -വെളിപ്പെടുത്തലിനെക്കുറിച്ച് പവിത്ര ഗൗഡയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ദർശനും താനും മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു പവിത്രയുടെ ഇൻസ്റ്റ പോസ്റ്റ്.
2003ലായിരുന്നു പ്രതിശ്രുത വധു വിജയലക്ഷ്മിയുമായുള്ള വിവാഹം. ദമ്പതികൾക്ക് വിനീഷ് എന്ന മകനുണ്ട്. 2011ൽ വിജയലക്ഷ്മി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ദർശൻ അറസ്റ്റിലായിരുന്നു. തന്നെ മർദിച്ച് മുറിവേൽപിച്ചതായും സിഗററ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജയലക്ഷ്മി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തു. മർദനത്തിനിടെ മകനെ കൊലപ്പെടുത്തുമെന്ന് ദർശൻ ഭീഷണി മുഴക്കിയതായും പരാതിയിൽ പറഞ്ഞിരുന്നു. അന്ന് മൂന്നു വയസ്സായിരുന്നു മകന്.
ഈ കേസിൽ അറസ്റ്റിലായ ദർശനെ ബംഗളൂരുവിലെ കോടതി 14 ദിവസത്തേക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ അദ്ദേഹത്തിന്റെ ഫാൻസ് തെരുവിലിറങ്ങി. ബസുകൾക്കും മറ്റു വാഹനങ്ങൾക്കും തീവെച്ച ആരാധകർ വിജയ നഗർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അക്രമാസക്തരായ ആരാധകരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. മുതിർന്ന താരങ്ങളായ അംബരീഷും ജഗ്ഗേഷുമടക്കമുള്ളവർ അഭ്യർഥിച്ചതിനെ തുടർന്നാണ് വിജയലക്ഷ്മി പരാതി പിൻവലിച്ചത്.
തന്റെ ദേഹത്തുണ്ടായ പരിക്കുകൾ വീട്ടിലെ കോണിപ്പടിയിൽനിന്ന് വീണുണ്ടായതാണെന്ന് അവർ മൊഴി തിരുത്തുകയും പരാതി പിൻവലിക്കുകയും ചെയ്തതോടെയാണ് ദർശന് ജയിലിൽനിന്ന് പുറത്തിറങ്ങാനായത്. മോശം പെരുമാറ്റത്തിന്റെ പേരിൽ 2016ലും വിജയലക്ഷ്മി ദർശനെതിരെ പരാതി നൽകി. 2021ൽ മൈസൂരുവിൽ ഒരു ഹോട്ടൽ ജീവനക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ടും വിവാദമുയർന്നു. ഈ കേസ് പൊലീസ് ഒതുക്കിയതായും മർദനമേറ്റയാൾക്ക് അരലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കിയതായും ആരോപണമുയർന്നിരുന്നു.
വന്യജീവിസ്നേഹിയായ ദർശൻ മലവള്ളിയിലെ ഫാം ഹൗസിന് സമീപം സ്വകാര്യ മൃഗശാല തന്നെ നടത്തുന്നുണ്ട്. ദേശാടനപ്പക്ഷിയെ തന്റെ ഫാം ഹൗസിൽ സൂക്ഷിച്ചതിന് 2023 ജനുവരിയിൽ ദർശനെതിരെ വനംവകുപ്പിന്റെ കേസുമെത്തി. ദർശൻ, ഭാര്യ വിജയലക്ഷ്മി, ദർശന്റെ ഫാം ഹൗസ് മാനേജർ നാഗരാജ് എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമായിരുന്നു കേസ്.
2023ൽ തന്റെ വീടിന് മുന്നിൽ കാർ പാർക്ക് ചെയ്ത അഭിഭാഷകയെ തന്റെ നായെ കൊണ്ട് കടിപ്പിച്ച കേസിലും ദർശൻ അറസ്റ്റിലായിരുന്നു. ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചു. 2024 പുതുവത്സര ദിനത്തിൽ നോർത്ത് ബംഗളൂരുവിലെ റെസ്റ്റോബാറിൽ പുലർച്ച ഒരുമണി കഴിഞ്ഞിട്ടും പാർട്ടി നടത്തിയതിന് പൊലീസ് കേസെടുത്ത് ദർശന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയായിരുന്നു ദർശനുമായുള്ള ബന്ധത്തെക്കുറിച്ച് ജനുവരിയിൽ പവിത്ര ഗൗഡയുടെ വെളിപ്പെടുത്തൽ.
1997ൽ മഹാഭാരത് എന്ന സിനിമയിലൂടെയാണ് ദർശൻ അരങ്ങേറ്റം കുറിക്കുന്നത്. 27 വർഷത്തിനിടെ 75ഓളം സിനിമകളിൽ അഭിനയിച്ചു. 2001ലെ ആക്ഷൻ ക്രൈം ത്രില്ലറായ ‘മെജസ്റ്റിക്’ ആണ് കരിയറിൽ വഴിത്തിരിവായ ചിത്രം. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ ബി.ജെ.പി പിന്തുണയിൽ സ്വതന്ത്രയായി മത്സരിച്ച നടി സുമലതക്കായി ദർശൻ പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുമലത രംഗത്തുണ്ടായിരുന്നില്ല.
പക്ഷേ, ദർശൻ കോൺഗ്രസ് സ്ഥാനാർഥിയായ സ്റ്റാർ ചന്ദ്രുവിനായി പ്രചാരണത്തിനിറങ്ങി. ബി.ജെ.പി-ജെ.ഡി-എസ് സഖ്യ സ്ഥാനാർഥിയായ എച്ച്.ഡി. കുമാരസ്വാമിക്കെതിരെ സുമലതയുടെ നിർദേശ പ്രകാരമാണ് ദർശൻ പ്രചാരണത്തിനിറങ്ങിയതെന്ന ആരോപണമുയർന്നിരുന്നു. കൊലപാതക കേസിൽ അറസ്റ്റിലായതോടെ ദർശന്റെ വീടിന് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ദർശൻ, പവിത്ര ഗൗഡ എന്നിവരടക്കം 13 പ്രതികളെയും ബംഗളൂരു മജിസ്ട്രേറ്റ് കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

