ദസറ യാത്രക്ക് മുമ്പേ ഗജവീരന്മാരുടെ ദർഗ സന്ദർശനം
text_fieldsബംഗളൂരു: വിഖ്യാത മൈസൂരു ദസറയുടെ ആകർഷണമായ ജംബോ സവാരിയിൽ അണിനിരക്കേണ്ട ഗജവീരന്മാർ ഹസ്രത്ത് ഇമാം ഷാ വലി ദർഗ സന്ദർശിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് മുഖ്യ അംബാരി വാഹകനും സവാരി നായകനുമായ അഭിമന്യുവും സംഘത്തിലെ മറ്റ് ആനകളും ചാമരാജ മൊഹല്ലയിലെ ദർഗയിലെത്തിയത്. ആനകളുടെ ആയുരാരോഗ്യത്തിനും ദസറയുടെ സുഗമ നടത്തിപ്പിനും ഇമാം പ്രാർഥിച്ചു. ആനകൾ തുമ്പിക്കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു. 1884 ജൂൺ നാല് മുതൽ1940 ആഗസ്റ്റ് മൂന്നു വരെ മൈസൂർ രാജാവായിരുന്ന നൽവാഡി കൃഷ്ണരാജയുടെ കാലം മുതൽ മുറതെറ്റാതെ അനുഷ്ഠിച്ചു പോരുന്ന ആചാരമാണിതെന്ന് ദർഗ ചുമതലക്കാരൻ മുഹമ്മദ് നഖീബുൽ ലാ ഷാ ഖാദിരി പറഞ്ഞു. സവാരി സംഘത്തിൽ രോഗം പിടിപെട്ട ആനയെ അന്ന് ദർഗയിൽ കൊണ്ടുവന്ന് പ്രാർഥിച്ചപ്പോൾ ഭേദമായി എന്നാണ് ഐതിഹ്യം. ജംബോ സവാരിക്ക് മുമ്പ് ദർഗ സന്ദർശിക്കണം എന്ന രാജകൽപന ഇപ്പോഴും അതേപടി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

