ലാമയുടെ ആശീർവാദം തേടി ആഭ്യന്തര മന്ത്രി
text_fields1. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ബൈലെകുപ്പ തിബത്തൻ കോളനിയിൽ ദലൈലാമയുടെ ആശീർവാദം തേടുന്നു 2. ദലൈലാമ തിബത്തൻ കോളനിയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നു
മംഗളൂരു: തിബത്തൻ ജനതയുടെ ആത്മീയാചാര്യൻ ദലൈലാമയുടെ സന്ദർശനം കുടക് കുശാൽ നഗറിനടുത്ത ബൈലെകുപ്പ തിബത്തൻ സങ്കേതത്തിൽ ആവേശമായി. ലാമയുടെ ദർശനത്തിനും ഉദ്ബോധനം കേൾക്കാനും കർണാടകയിലെ വിവിധ തിബത്തൻ കുടിയേറ്റ സങ്കേതങ്ങളിൽനിന്ന് കാൽലക്ഷം ആബാലവൃദ്ധം ബൈലെക്കുപ്പയിലെത്തി.
കർണാടകയിൽ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ എന്നിവർ ലാമയുടെ ആശീർവാദം തേടി.
ഫെഡറേഷൻ ഓഫ് തിബത്തൻ കോഓപറേറ്റിവ്സ് ഇൻ ഇന്ത്യ (എഫ്.ടി.സി.ഐ) അവരെ സ്വീകരിച്ചു. സുവർണ ക്ഷേത്രം, സെറ ലാച്ചി മൊണാസ്ട്രി, സെറ ലാച്ചി സർവകലാശാല, ജൈവ ഗവേഷണ പരിശീലന കേന്ദ്രം (ഒ.ആർ.ടി.സി) എന്നിവ സന്ദർശിച്ചു. ഭാര്യ കനിക പരമേശ്വരിക്കൊപ്പമാണ് ആഭ്യന്തര മന്ത്രി പരമേശ്വര എത്തിയത്.
ആലന്ദ് നിയമസഭ മണ്ഡലത്തിലെ എം.എൽ.എ ബി.ആർ. പാട്ടീലും അനുഗമിച്ചു. ‘‘ഞങ്ങൾ ബുദ്ധമതം ആചരിക്കുകയും ദലൈലാമയുടെ അനുഗ്രഹം തേടാൻ വരുകയും ചെയ്യുന്നു. ഞങ്ങൾക്ക് അദ്ദേഹത്തോട് അതിയായ ബഹുമാനമുണ്ട്’’ -ആഭ്യന്തര മന്ത്രി പറഞ്ഞു.
താഷി ലുൻപോ ആശ്രമത്തിലെ സംവാദ മുറ്റത്ത് ദലൈലാമ ആഗ്രഹ പൂർത്തീകരണ ‘അമർത്യതയുടെ അമൃതിന്റെ ഒരു പ്രവാഹം’ ദീർഘായുസ്സ് ശാക്തീകരണ പ്രാർഥന ചൊല്ലി. ക്ഷേത്രം സന്യാസിമാരെയും കന്യാസ്ത്രീകളെയും കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കിന് ഭക്തർ ചർച്ച് മുറ്റത്ത് വലിയ മേൽക്കൂരക്ക് കീഴിൽ ഒത്തുകൂടി. ദലൈലാമ ആശ്രമങ്ങൾ, സ്കൂളുകൾ, കമ്യൂണിറ്റി സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു.
പരേതനായ പെനോർ റിൻപോച്ചെയുടെ ദേവാലയത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു, നംഡ്രോലിങ് ആശ്രമത്തിന്റെ മാനേജിങ് ട്രസ്റ്റി തുൽക്കു ചോധാർ ലായെ സ്വാഗതം ചെയ്തു.
സിക്യോങ് അർലികുമാരിയിലെ സംഭോത തിബത്തൻ സ്കൂൾ സന്ദർശിച്ച ലാമയെ വിദ്യാർഥികളും ജീവനക്കാരും ഊഷ്മളമായി സ്വീകരിച്ചു. തിബത്തൻ ലോക്കൽ ജസ്റ്റിസ് കമീഷനും സോജെ ഖാൻസർ ആശുപത്രിയും സന്ദർശിച്ച ദലൈലാമ സൗകര്യങ്ങൾ പരിശോധിക്കുകയും രോഗികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

