കബ്ബണ്‍ പാർക്കിനെ അടുത്തറിയാൻ ‘കബ്ബണ്‍ വാക്സ്’ പ്രഭാത സവാരി
text_fieldsകബ്ബണ്‍ പാർക്കിലെ ജൈവ വൈവിധ്യങ്ങൾ അടുത്തറിയാൻ സംഘടിപ്പിക്കുന്ന ‘കബ്ബണ്‍ വാക്സി’ന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പ്രഭാത സവാരി സംഘടിപ്പിച്ചപ്പോൾ
ബംഗളൂരു: നഗര ഹൃദയത്തിലെ പച്ചത്തുരുത്തായ കബ്ബണ്‍ പാർക്കിലെ ജൈവ വൈവിധ്യങ്ങൾ ആഴത്തിലറിയാൻ ഗൈഡുമാരുടെ സഹായത്തോടെ വാരാന്ത്യ പ്രഭാത സവാരി നാളെ മുതല്‍ ആരംഭിക്കും. ‘കബ്ബണ്‍ വാക്സ്’ എന്ന പേരിൽ 90 മിനിറ്റ് ദൈർഘ്യമുള്ള കാൽനട സവാരിയാണ് ഹോർട്ടി കൾച്ചർ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രാവിലെ 7.30ന് സവാരി ആരംഭിക്കും. സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലെ അമൂല്യമായ പ്രകൃതിസമ്പത്തിനെക്കുറിച്ച് ഗൈഡുമാർ വിവരിച്ചുനൽകും. പച്ചത്തുരുത്തുകള്‍ നഗര ജീവിതത്തെ എത്രമാത്രം സ്വാധീനം ചെലുത്തുന്നെന്ന് മനസ്സിലാക്കി നൽകുന്നതിലൂടെ ജനങ്ങളില്‍ ബംഗളൂരുവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഹോർട്ടികൾച്ചർ വകുപ്പ് ‘കബ്ബണ്‍ വാക്സ്’ പ്രഭാത സവാരികൊണ്ട് ലക്ഷ്യമിടുന്നത്.
ഹഡ്സണ്‍ സര്‍ക്ള്‍, ഹൈ കോര്‍ട്ട് ഗേറ്റ്, ബി.എസ്.എന്‍.എല്‍ കവാടം തുടങ്ങി പാര്‍ക്കിന്റെ വിവിധ ഗേറ്റുകളില്‍നിന്നാണ് നടത്തം ആരംഭിക്കുക എന്നതിനാൽ നിത്യസന്ദര്ശകർക്കും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ പ്രകൃതി നടത്തം മുഖേന ലഭിക്കും. പാര്‍ക്കിന്റെ ചരിത്രത്തെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും ഗ്രാഹ്യമുള്ള വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഹോർട്ടി കൾച്ചർ വകുപ്പിലെ ഉദ്യോഗസ്ഥൻ യാത്രയിൽ അനുഗമിക്കും.
പാര്‍ക്കിലെ വൈവിധ്യമാര്‍ന്ന പൂക്കള്‍, ഉറുമ്പുകള്‍, ചിലന്തികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്യ ജന്തുജാലങ്ങള്‍, നഗരത്തിലെ വന്യജീവി സംരക്ഷണം എന്നീ വിഷയങ്ങള്‍ പ്രകൃതി നടത്തത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും. സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈൻ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരു ഗ്രൂപ്പിൽ 30 ആളുകള്‍ക്ക് പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്ക് 200 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യത്തില്‍ രണ്ടു സ്ലോട്ടുകള്‍ അനുവദിക്കുമെന്ന് കബ്ബണ്‍ പാര്‍ക്ക് ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. കുസുമ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കബ്ബൺ പാർക്കിൽ പ്രഭാത സവാരി സംഘടിപ്പിച്ചിരുന്നു. അടുത്ത മാസം മുതല്‍ സമാനരീതിയിൽ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലും പ്രകൃതി നടത്തം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

