ഐ.ടി മേഖലയിലെ തൊഴിലിടങ്ങളിൽ ക്രഷേ സംവിധാനം ഏർപ്പെടുത്തണം-കെ.ഐ.ടി.യു
text_fieldsബംഗളൂരു മടിവാളയിൽ കെ.ഐ.ടി.യു സമ്മേളനം മുൻ പ്രസിഡന്റ് അമാനുല്ല ഖാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഐ.ടി മേഖലയിലെ എല്ലാ തൊഴിലിടങ്ങളിലും ക്രഷേ സംവിധാനം നടപ്പാക്കണമെന്ന് കർണാടക ഐ.ടി തൊഴിലാളി യൂനിയൻ (കെ.ഐ.ടി.യു) ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ കുട്ടികൾക്കുള്ള ഡേ കെയർ സംവിധാനം ആണ് ക്രഷേ. ബംഗളൂരു മടിവാളയിലെ കെ.ഐ.ടി.യു ആസ്ഥാനത്ത് ചേർന്ന മൂന്നാം സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.
ഐ.ടി മേഖലയിലെ എല്ലാ തൊഴിലിടങ്ങളിലും ക്രഷേ സംവിധാനം നടപ്പാക്കണമെന്ന നിയമം നിലവിലുള്ളപ്പോഴും ഒരിടത്തും ഇത് കൃത്യമായി നടപ്പാക്കുന്നില്ല. ഐ.ടി മേഖലയിലെ തൊഴിലാളികളിലെ വലിയൊരു വിഭാഗം വനിതകൾ ആണ്. ഇക്കാരണം കൊണ്ട് തന്നെ ഒരുപാട് സ്ത്രീകൾക്ക് അവരുടെ ജോലി രാജിവെക്കേണ്ട അവസ്ഥയും വരുന്നുണ്ടെന്ന് സമ്മേളനം വിലയിരുത്തി. തൊഴിലും വ്യക്തിജീവിതവും കൃത്യമായി ക്രമീകരിക്കാനുള്ള അവകാശം സമ്മേളനം പ്രധാനപ്പെട്ട പ്രശ്നമായി ചർച്ച ചെയ്തു.
പൊതുസമ്മേളനം കെ.ഐ.ടി.യു മുൻ പ്രസിഡന്റ് അമാനുല്ല ഖാൻ ഉദ്ഘാടനം ചെയ്തു. 3425 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 14 യൂനിറ്റ് സമ്മേളനങ്ങളിൽനിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ങ റിപ്പോർട്ട് അവതരിപ്പിച്ചു.ഐടി മേഖലയിലെ പൊതുവായ പ്രശ്നങ്ങളും ഈ കാലഘട്ടത്തിൽ ഉയർന്നുവന്ന വർക്ക് ഫ്രം ഹോം സമ്പ്രദായത്തിന്റെ വിവിധ വശങ്ങളും കോവിഡ് മൂലം ഐ ടി മേഖലയിലും തൊഴിലാളികളിലും ഉണ്ടായ ആഘാതങ്ങളും സമ്മേളനം പരിശോധിച്ചു.
നോട്ടീസ് പീരിയഡ് നീട്ടുന്നതിന് എതിരെയും, ജോലിസ്ഥലത്തെ സ്ത്രീകൾ നേരിടുന്ന വിഷയങ്ങളിലും, ജോലി സമയം നീട്ടുന്നതിനെതിരെയും പ്രമേയങ്ങൾ അവതരിപ്പിച്ചു. തൊഴിലാളികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് പകരം നോട്ടീസ് പീരിയഡ് കാലാവധി നീട്ടാനും തൊഴിലിടത്തിൽനിന്ന് പിരിഞ്ഞുപോയാലും തൊഴിലാളികൾക്കുമേൽ ചില അവകാശങ്ങൾ ഉറപ്പിക്കുന്ന നോൺ-കോംപീറ്റ് കരാറുകൾ നിർബന്ധപൂർവം ഒപ്പിടീക്കുന്ന രീതികൾക്കുമെതിരെയും സമ്മേളനം പ്രമേയം പാസാക്കി.
49 സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 13 ഭാരവാഹികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്ത സമ്മേളനം ജനറൽ സെക്രട്ടറിയായി സൂരജ് നിടിയങ്ങയെയും പ്രസിഡന്റായി വി.ജെ.കെയെയും ട്രഷറർ ആയി അമൽ പിയെയും തെരഞ്ഞെടുത്തു.മുതിർന്ന തൊഴിലാളി നേതാവും യൂനിയൻ പ്രസിഡന്റുമായ വി.ജെ.കെ, തമിഴ്നാട് ഐ.ടി തൊഴിലാളി യൂനിയൻ (യു.എൻ.ഐ.ടി.ഇ) ജനറൽ സെക്രട്ടറി അളകുനമ്പി വെൽകിൻ, അഖിലേന്ത്യ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ഗോപികുമാർ, കെ.ഐ.ടി.യു ഉപദേശക സമിതി അംഗം വസന്ത രാജ്, കെ.ഐ.ടി.യു വൈസ് പ്രസിഡന്റ് ടി.കെ.എസ്. കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

