ഇസ്രായേൽ പ്രതിനിധി-ശിവകുമാർ കൂടിക്കാഴ്ച; സമൂഹ മാധ്യമങ്ങളിൽ വിമർശനപ്പെരുമഴ
text_fieldsഇസ്രായേൽ പ്രതിനിധി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ. തന്റെ ‘എക്സ്’ അക്കൗണ്ടിൽ ശിവകുമാർ പങ്കുവെച്ച ചിത്രം
ബംഗളൂരു: വിധാൻ സൗധയിൽ ഇസ്രായേൽ കോൺസുലേറ്റ് ജനറലിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ ഇൻബാൽ സ്റ്റോണുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചതിന് പിന്നാലെ വിമർശന മഴ.
അടുത്ത മാസം അഞ്ചിന് നടക്കുന്ന ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായും കർണാടകയും ഇസ്രായേലും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവ ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും ശിവകുമാർ തന്റെ പോസ്റ്റിൽ പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് ആഗോളതലത്തിൽ വിമർശം നേരിടുമ്പോൾ ഇത്തരം വികാരങ്ങൾ പ്രകടിപ്പിക്കുന്നത് അനുചിതമാണെന്ന് ആക്ടിവിസ്റ്റുകളടക്കം വിമർശനമുയർത്തി. ഇസ്രായേലുമായി നയതന്ത്രപരമായി ഇടപഴകുന്നതിൽ കോൺഗ്രസ് നേതാവിന്റെ ധാർമിക നിലപാടിനെ നിരവധി പേർ ചോദ്യം ചെയ്തു.
‘‘നിങ്ങൾ പങ്കെടുക്കുകയാണെങ്കിൽ, സ്വതന്ത്ര ഫലസ്തീനുവേണ്ടി സംസാരിക്കാനും ഗസ്സയിൽ നടക്കുന്ന വംശഹത്യയെയും മനുഷ്യാവകാശ ലംഘനങ്ങളെയും അപലപിക്കാനും ഈ അവസരം ഉപയോഗിക്കുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ഈ നിമിഷം ഒരു കോൺഗ്രസ് നേതാവ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തുന്നത് കാണുന്നത് അങ്ങേയറ്റം നിരാശജനകമാണ്’’ - ഇതായിരുന്നു ശിവകുമാറിന്റെ പോസ്റ്റിന് താഴെ ഒരാളുടെ പ്രതികരണം.
‘‘ഗസ്സയിലെ ഇസ്രായേലിന്റെ നടപടികളെ വംശഹത്യയെന്ന് ആഗോള മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിക്കുന്ന സമയത്ത്, ഈ ഇടപെടൽ നിശ്ശബ്ദ അംഗീകാരത്തിന്റെ അപകടകരമായ സന്ദേശം നൽകുന്നു. രാഷ്ട്രീയ കാഴ്ചപ്പാടുകളേക്കാൾ നീതിക്കും മനുഷ്യത്വത്തിനും ശിവകുമാർ മുൻഗണന നൽകണം’’ -മറ്റൊരാൾ കൂട്ടിച്ചേർത്തു. അതേസമയം, വിമർശനങ്ങളോട് ഡി.കെ. ശിവകുമാർ പ്രതികരിച്ചിട്ടില്ല. ചരിത്രപരമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ് പാർട്ടിയും ഈ വിഷയത്തിൽ മൗനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

