ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം ചോർത്തി; ഡ്രൈവർ അറസ്റ്റിൽ
text_fieldsഡ്രൈവർ ജയറാം
മംഗളൂരു: ടാങ്കർ ലോറി ഡ്രൈവറും സർവിസ് സ്റ്റേഷൻ ഉടമയും ചേർന്നുള്ള ഇന്ധനം ചോർത്തൽ പൊലീസ് പിടികൂടി. ടാങ്കർ ഡ്രൈവർ കെ. ജയറാമിനെ(36) അറസ്റ്റ് ചെയ്തെങ്കിലും സർവിസ് സ്റ്റേഷൻ ഉടമ വിജയ് നായ്ക് ഓടി രക്ഷപ്പെട്ടു. 1020 ലിറ്റർ ഡീസൽ, 30 ലിറ്റർ പെട്രോൾ, മൂന്ന് പൈപ്പുകൾ, ഇന്ധനം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ലിഫ്റ്റ് മോട്ടോർ എന്നിവ പൊലീസ് പിടിച്ചെടുത്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു.
ടാങ്കറുകളിൽനിന്ന് ഇന്ധനം മോഷണം നടക്കുന്നത് സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്താപുരം സബ് ഡിവിഷൻ ഡിവൈ.എസ്.പി എച്ച്.ഡി. കുൽക്കർണി ചൊവ്വാഴ്ച രാത്രി വൈകി സിദ്ധാപൂരിലെ സുബ്ബറാവു കോംപ്ലക്സിന് സമീപമുള്ള സർവിസ് സ്റ്റേഷനിൽ റെയ്ഡ് നടത്തിയാണ് ചോർത്തൽ പിടികൂടിയത്.
സിദ്ധാപൂരിൽ ടൂറിസ്റ്റ് വാഹന സർവിസും ഓട്ടോമൊബൈൽ സർവിസ് സ്റ്റേഷനും നടത്തുന്ന വിജയ് നായികിന് അതേ സ്ഥലത്ത് അനധികൃത ഇന്ധന വ്യാപാരവും ഉള്ളതായി കണ്ടെത്തി. ശങ്കരനാരായണ പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്.
സ്റ്റേഷൻ എസ്.ഐ നസീർ ഹുസൈൻ പറയുന്നതിങ്ങനെ: ഡിവൈ.എസ്.പി കുൽക്കർണി സർവിസ് സ്റ്റേഷൻ റെയ്ഡ് ചെയ്തപ്പോൾ വിജയ് നായിക്കും ടാങ്കർ ഡ്രൈവർ ജയറാമും ഭാരത് പെട്രോളിയം ടാങ്കറിൽനിന്ന് ഡീസൽ കടത്തുന്നതായി കണ്ടെത്തി.മംഗളൂരുവിൽനിന്ന് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകൾ വിജയ് നായിക്കിന്റെ സർവിസ് സ്റ്റേഷനിൽ നിർത്തും. അവിടെ ഡ്രൈവറുടെ സഹകരണത്തോടെ ഇന്ധനം നിയമവിരുദ്ധമായി ചോർത്തി സൂക്ഷിക്കും. വിജയ് നായിക്കിന്റെ ടൂറിസ്റ്റ് വാഹനങ്ങൾക്കായി മോഷ്ടിച്ച ഇന്ധനം ഉപയോഗിക്കുന്നതായി പരാതിയുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്ത് നടത്തിക്കൊണ്ടിരുന്ന ഈ നിയമവിരുദ്ധ പ്രവർത്തനത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നു. വിജയ് നായിക്കിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.