മൈസൂരുവിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കും -വെങ്കിടേഷ് പ്രസാദ്
text_fieldsവെങ്കിടേഷ് പ്രസാദ്
ബംഗളൂരു: സാംസ്കാരിക നഗരമായ മൈസൂരുവിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ.എസ്.സി.എ) പ്രസിഡന്‍റ് വെങ്കിടേഷ് പ്രസാദ്. കെ.എസ്.സി.എ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം നഗരത്തിലെ മാനസഗംഗോത്രി ഗ്ലേഡ്‌സ് (എസ്.ഡി.എൻ.ആർ വാഡിയാർ സ്റ്റേഡിയം) സന്ദർശിച്ച വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് മികച്ച കളിസ്ഥലങ്ങളും മികച്ച അവസരങ്ങളും ആവശ്യമാണ്. ബംഗളൂരുവിലെ എം. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം പുനഃസ്ഥാപിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങള്‍
നടക്കുന്നു. ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയുമായി ഫോണിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ബെളഗാവിയിലെ നിയമസഭ ശൈത്യകാല സമ്മേളനം അവസാനിച്ചതിനുശേഷം അദ്ദേഹത്തെ നേരിട്ട് കാണുമെന്നും അദ്ദേഹം വിശദീകരിച്ചു. ഐ.പി.എല്ലിനൊപ്പം മറ്റ് ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തണം.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബി.സി.സി.ഐ) ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങളുടെ അടുത്ത സീസൺ മുൻ സീസണിലെ വിജയികളുടെ ഹോം ഗ്രൗണ്ടിൽനിന്ന് ആരംഭിക്കണം. കഴിഞ്ഞ സീസണിലെ വിജയികള്‍ ആർ.സി.ബി ആയിരുന്നു. ‘കെ.എസ്.സി.എയിൽ ഞങ്ങൾക്ക് നല്ലൊരു ടീമുണ്ട്. ഇത്തവണ ഒരു വനിതാ ഭാരവാഹിയെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഞങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കും. താഴെത്തട്ടിൽ നിന്ന് ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനായി വനിതാ ക്രിക്കറ്റ്, ക്ലബ് തല ക്രിക്കറ്റുകൾ, തുടർന്ന് കോളജ് തല ക്രിക്കറ്റുകൾ എന്നിവ നടത്തും’-പ്രസാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

