സർഗാത്മക രചനകൾ ആന്തരികതയെ കൂടുതൽ സൗന്ദര്യമുള്ളതാക്കണം -കവി സെബാസ്റ്റ്യൻ
text_fieldsബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ കവി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തുന്നു
ബംഗളൂരു: നമ്മുടെ ആന്തരികതയെ കൂടുതൽ സൗമ്യതയുള്ളതും സൗന്ദര്യമുള്ളതും ആക്കുകയാണ് സർഗാത്മക സാഹിത്യ രചനകൾ ലക്ഷ്യം വെക്കേണ്ടതെന്ന് എഴുത്തുകാരനും പ്രസാധകനുമായ കവി സെബാസ്റ്റ്യൻ പറഞ്ഞു.
ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ ‘സാഹിത്യവും ജീവിതവും’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ഈർപ്പമുള്ള പദമായ സ്നേഹം പകർന്നുനൽകിക്കൊണ്ട് ഈ ലോകത്തെ ഒന്നുകൂടി സൗന്ദര്യമുള്ളതാക്കാനാവണം സാഹിത്യരചനകൾകൊണ്ട് സാധ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സാഹിത്യ ശാഖകളിൽനിന്നായി ബംഗളൂരുവിലെ എഴുത്തുകാരുടെ നാല് പുസ്തകങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തി. അനിൽ മിത്രാനന്ദപുരം എഴുതിയ ‘ഇന്നത്തെ ഷെല്ലിയും ഷേക്സ്പിയറും’ എന്ന കവിത സമാഹാരം, അംബേദ്കറുടെ ആശയലോകം, കെ.ആർ. കിഷോറിന്റെ ചരിത്രപഠനം അവൻ അവൾ പിന്നെ ഞാനും, വി.ആർ. ഹർഷന്റെ നോവൽ, നവീൻ എസ് എഴുതിയ ‘ഒരു വായനക്കാരൻ എഴുതിയ കഥകൾ’ തുടങ്ങിയ സാഹിത്യ കൃതികളാണ് ചർച്ച ചെയ്തത്. സെബാസ്റ്റ്യൻ, ഡെന്നിസ് പോൾ, രമ പ്രസന്ന പിഷാരടി, ടി.എം. ശ്രീധരൻ എന്നിവർ രചനകളെ അപഗ്രഥിച്ച് സംസാരിച്ചു. ആർ.വി. ആചാരി ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.
ഇന്ദിരാബാലൻ, അനീസ് അലി, എ.കെ. മൊയ്തീൻ, സുദേവൻ പുത്തൻചിറ, ഗീത നാരായണൻ, സൗദ റഹ്മാൻ, എം.ബി. മോഹൻദാസ്, രവികുമാർ തിരുമല, അർച്ചനാസുനിൽ, തങ്കച്ചൻ പന്തളം, ശാന്തകുമാർ എലപ്പുള്ളി, ഗ്രന്ഥകാരന്മാരായ കെ.ആർ. കിഷോർ, അനിൽ മിത്രാനന്ദപുരം, നവീൻ എസ്. തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

