കോവിഡ്: ഭയക്കേണ്ട സാഹചര്യമില്ല, ജാഗ്രത വേണം -മുഖ്യമന്ത്രി
text_fieldsകോവിഡ് പ്രതിരോധ മുന്നൊരുക്കത്തിെൻറ ഭാഗമായി ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ നടന്ന കോവിഡ് മോക്ഡ്രിലിൽ നിന്ന്
ബംഗളൂരു: ലോകത്തിന്റെ വിവിധയിടങ്ങളിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രാരംഭ നടപടികൾ കർശനമാക്കുന്നുണ്ടെങ്കിലും കർണാടകയിൽ ഭയക്കേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നിലവിൽ അടച്ചിട്ട രൂപത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ, സ്കൂളുകൾ, സിനിമ തിയറ്ററുകൾ തുടങ്ങിയ ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പ്രായമായവർ കൂടുതൽ ജാഗ്രത പാലിക്കണം.
ആൾക്കൂട്ടങ്ങളിൽ പോകാതെ ജനങ്ങൾ ശ്രദ്ധിക്കണം. ബാറുകൾ, റസ്റ്റാറന്റുകൾ, പബുകൾ എന്നിവിടങ്ങളിൽ രണ്ട് ഡോസ് വാക്സിനും എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സീറ്റുകളിൽ ഉൾക്കൊള്ളാവുന്ന ആളുകൾക്ക് മാത്രമായിരിക്കണം പ്രവേശനം. പുതുവത്സരാഘോഷങ്ങൾ രാത്രി ഒരു മണിക്ക് അവസാനിപ്പിക്കണം.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ, റവന്യൂ മന്ത്രി ആർ. അശോക എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സാങ്കേതിക സമിതിയുടെ യോഗം ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. രോഗവ്യാപനം കുറക്കാനുള്ള നടപടികൾ മാത്രമേ നിലവിലുള്ളൂവെന്നും എല്ലാ നടപടികൾക്കും സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 50,817 ആശുപത്രിക്കിടക്കകളാണുള്ളത്. 2896 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു കിടക്കകളാണ്. 28,206 ഓക്സിജൻ കിടക്കകളുമുണ്ട്.
കുട്ടികൾക്ക് അടിയന്തര ചികിത്സ നൽകാനുള്ള 426 പി.ഐ.സി.യു കിടക്കകളുമുണ്ട്. നവജാത ശിശുക്കൾക്കുള്ള 593 എൻ.ഐ.സി.യു കിടക്കകളുമുണ്ട്. 630.42 മെട്രിക് ടൺ ശേഷിയുള്ള 553 ലിക്വിഡ് മെഡിക്കൽ ഓക്സിജിൻ ടാങ്കുകൾ, 16,387 ഓക്സിജൻ സിലിണ്ടറുകൾ എന്നിവയുമുണ്ട്. ആകെ 1,091 മെട്രിക് ടൺ ഓക്സിജൻ ശേഖരം കർണാടകയിൽ ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

