കർണാടകയിൽ കോവിഡ്
text_fieldsബംഗളൂരു: കേരളത്തിലും തമിഴ്നാട്ടിലും കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ കർണാടകയിലും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ്-19ന്റെ വകഭേദമായ ജെ.എൻ1 ആണ് രാമനഗരയിൽ കണ്ടെത്തിയത്. ബൈരമലെ വില്ലേജിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തുന്ന പതിവു പരിശോധനക്കിടെയാണ് യുവാവിൽ അസുഖബാധ തിരിച്ചറിഞ്ഞത്. ഇയാൾ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയാണ്. വിദ്യാർഥിയെ രണ്ടു ദിവസം ഐസൊലേഷനിലാക്കുമെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും രാമനഗര ജില്ല ആരോഗ്യ ഓഫിസർ നിരഞ്ജൻ അറിയിച്ചു. അസുഖം പടരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു.
അതേസമയം, കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയായ ദക്ഷിണ കന്നടയിലും കുടകിലും കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് സ്ക്രീനിങ് ആരംഭിച്ചു. യാത്രക്കാർക്ക് പനിലക്ഷണങ്ങളുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധിക്കുന്നത്. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാരവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിർത്തി ചെക്പോസ്റ്റുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്.
തമിഴ്നാട് അതിർത്തിയിലും പരിശോധന തുടങ്ങാൻ നിർദേശിച്ചു. കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ ആളുകൾ ഒത്തുകൂടുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശത്തിലുണ്ട്.
60 വയസ്സ് പിന്നിട്ടവരും ഹൃദയസംബന്ധമായ അസുഖമുള്ളവരും വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടൽ, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് കർണാടക ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് മാർഗനിർദേശ സമിതിയുടെ ഉപദേശപ്രകാരമാണ് മുതിർന്ന പൗരന്മാർക്ക് മാസ്ക് നിബന്ധന ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

