ബെളഗാവിയിൽ കോവിഡ് മരണം
text_fieldsബംഗളൂരു: കർണാടകയിൽ ബംഗളൂരുവിന് പിന്നാലെ ബെളഗാവിയിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ രണ്ടാമത്തെ കോവിഡ് മരണമാണിത്. കോവിഡ്-19 സ്ഥിരീകരിച്ച 70കാരനാണ് ബുധനാഴ്ച രാത്രി ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) മരിച്ചത്. ഇയാൾക്ക് വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു, ഈ വർഷം ബെളഗാവിയി ജില്ലയിലെ ആദ്യ കോവിഡ് സംബന്ധ മരണമാണിത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ്-19 പരിശോധന നടത്തിയിരുന്നു.
പിന്നീട് ബിംസിലേക്ക് മാറ്റി. പരിശോധന ഫലം പോസിറ്റിവ് ആയതോടെ കോവിഡ് വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ചികിത്സയോട് രോഗി പ്രതികരിച്ചില്ല, ബുധനാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച കോവിഡ്-19 പ്രോട്ടോക്കോൾ പ്രകാരം കുടുംബം അന്ത്യകർമങ്ങൾ നടത്തി. രോഗിയുടെ സ്രവ സാമ്പ്ൾ പരിശോധനക്കായി ഹുബ്ബള്ളിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ല സർജൻ ഡോ. വിത്തൽ ഷിൻഡെ പറഞ്ഞു. ‘കോവിഡ്-19 പ്രോട്ടോകോളുകൾ പ്രകാരമാണ് രോഗിയുടെ അന്ത്യകർമങ്ങൾ നടത്തിയത്.
മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ എല്ലാ മുൻകരുതലുകളും ആശുപത്രിയിൽ സ്വീകരിച്ചിട്ടുണ്ട്. പനി പോലുള്ള അസുഖങ്ങൾ ഉള്ളവരുടെ എണ്ണം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ കോവിഡ് കേസുകൾ കഴിഞ്ഞദിവസം 100 കടന്നിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധനക്ക് വിധേയമാവണമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു നിർദേശിച്ചിരുന്നു. ബംഗളൂരുവിലാണ് കൂടുതൽ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

