ആർ.സി.ബി, ഡി.എൻ.എ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന സി.ഐ.ഡി ആവശ്യം കോടതി തള്ളി
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് കർണാടക ഹൈകോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധി കാത്തിരിക്കുന്നതിനാൽ അപേക്ഷ തള്ളി.
ആർ.സി.ബിയുടെ മാർക്കറ്റിങ് മേധാവി നിഖിൽ സൊസാലെ, ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സുനിൽ മാത്യു (ഡയറക്ടറും വൈസ് പ്രസിഡന്റും), കിരൺ കുമാർ (മാനേജർ), ഷമന്ത് എസ്.പി (ടിക്കറ്റിങ് എക്സിക്യൂട്ടിവ്) എന്നിവരെയാണ് സി.ഐ.ഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിനും കൂടുതൽ അന്വേഷണത്തിനുമായി ഒമ്പത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സി.ഐ.ഡി ആവശ്യപ്പെട്ടു.
എന്നാൽ കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തു. അറസ്റ്റിനെ ചോദ്യം ചെയ്ത് കർണാടക ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നുണ്ടെന്ന് സോസാലെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദേശ് ചൗട്ട ചൂണ്ടിക്കാട്ടി. "ഉടനടി കസ്റ്റഡി ആവശ്യപ്പെടാൻ ഇത്ര അടിയന്തരമായി എന്താണ് കാരണം?" ഹൈകോടതി വിധി പറയുന്നതുവരെ പ്രതിയെ സി.ഐ.ഡിക്ക് കൈമാറരുതെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
അറസ്റ്റിന്റെ നിയമസാധുത സംബന്ധിച്ച ഹരജി ഇപ്പോഴും പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് ആശങ്ക പ്രകടിപ്പിച്ചു. "ഒരു ദിവസത്തെ കസ്റ്റഡിയിൽ യഥാർഥത്തിൽ എന്താണ് നേടാൻ കഴിയുക? എന്തിനാണ് ഇത്ര തിടുക്കം?" അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എ.എസ്.പി) ജഗദീഷിനോട് മജിസ്ട്രേറ്റ് ചോദിച്ചു, തുടരുന്ന അന്വേഷണത്തിന് കസ്റ്റഡി നിർണായകമാണെന്ന് അദ്ദേഹം മറുപടി നൽകി.
ചെറിയ ഇടവേളക്കും അഡ്വക്കേറ്റ് ജനറലുമായി (എ.ജി) കൂടിയാലോചനകൾക്കും ശേഷം ഹൈകോടതി നടപടികൾ അവസാനിക്കുന്നതുവരെ കേസ് മാറ്റിവെച്ച മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിച്ചില്ല, നാല് പ്രതികളെയും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

