18.60 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ ദമ്പതികൾ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: 18.60 കോടി രൂപ വിലമതിക്കുന്ന 18 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയതിന് അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമായി പ്രവർത്തിച്ച ദമ്പതികളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉൾപ്പെടെയുള്ള അധികൃതരുടെ കണ്ണുവെട്ടിച്ച് ബാഗിൽ ഭക്ഷണ പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചാണ് ഇവർ തായ്‌ലൻഡിൽനിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്.
വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മഹാലക്ഷ്മി ലേഔട്ട് പൊലീസ് 34 വയസ്സുള്ള പുരുഷനെയും 26 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബന്ധുവിന് എത്തിക്കുന്നതിനായി വൻതോതിൽ മയക്കുമരുന്ന് കൊണ്ടുപോകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബാങ്കോക്കിൽനിന്ന് ടൂറിസ്റ്റ് വിസയിൽ എത്തിയ ദമ്പതികൾക്ക് ക്രിമിനൽ രേഖകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളിൽനിന്ന് രണ്ട് മൊബൈൽ ഫോൺ പിടിച്ചെടുത്തു. കോടതി ദമ്പതികളെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിമാനത്താവള, കസ്റ്റംസ് അധികൃതരിൽനിന്ന് ഇവർക്കെങ്ങനെ രക്ഷപ്പെടാൻ കഴിഞ്ഞുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെടാൻ സാധ്യതയുള്ള മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

