കാഴ്ചപരിമിതയിൽ നിന്ന് 49.5 ലക്ഷം രൂപയും സ്വർണ്ണവും തട്ടി; ദമ്പതികൾ അറസ്റ്റിൽ
text_fieldsബംഗളൂരു: കാഴ്ചപരിമിതയായ സ്ത്രീയെ വഞ്ചിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു. സംഭവത്തില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് ആറിന് രാജരാജേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബി.ഇ.എം.എൽ ലേഔട്ട് സ്വദേശിയും കാഴ്ചപരിമിതയുമായ സ്ത്രീ എട്ട് വർഷമായി തന്റെ സുഹൃത്തുക്കളായ ദമ്പതികളുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. 2024 ജൂണിൽ സ്വര്‍ണവും പണവും മറ്റൊരു ലോക്കറിലേക്ക് മാറ്റുക എന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 49.50 ലക്ഷം രൂപയും കൂട്ടുകാരിയുടെ വീട്ടിലെ അലമാരയിൽ വെച്ചിരുന്നു. താക്കോലും കൂട്ടുകാരിയുടെ കൈവശം ഏൽപിച്ചു. ആഭരണവും പണവും മറ്റൊരു ലോക്കറിലേക്ക് മാറ്റാന്‍ നിശ്ചയച്ചതോടെ അലമാര തുറക്കാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പരാതിക്കാരി സുഹൃത്തുക്കളോട് ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. അവര്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്വയം താക്കോല്‍ നിർമിക്കുന്ന ആളെ ബന്ധപ്പെടുകയും താക്കോല്‍ നിർമിച്ച് അലമാര തുറക്കുകയും ചെയ്തു. അലമാര പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ചോദ്യം ചെയ്തപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പണം ഉപയോഗിച്ചതായി ദമ്പതികൾ സമ്മതിച്ചു. ആഭരണങ്ങൾ ജ്വല്ലറിയിൽ പണയം വച്ചിരിക്കുകയാണെന്നും പണം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായും മറുപടി നല്കി. പണമോ ആഭരണങ്ങളോ തിരികെ നൽകില്ലെന്ന് അവർ പരാതിക്കാരിയോട് പറഞ്ഞു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബിസിനസ് സംബന്ധമായ ചെലവുകൾക്കായി പണവും ആഭരണങ്ങളും എടുത്തതായി പ്രതികൾ സമ്മതിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മേയ് എട്ടിന് പ്രതിയുടെ സുഹൃത്തിൽ നിന്ന് 232 ഗ്രാം സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങൾക്ക് 35 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

