ഓട്ടോഡ്രൈവറെ ചെരിപ്പൂരിയടിച്ച സംഭവം: മാപ്പപേക്ഷിച്ച് ദമ്പതികൾ
text_fieldsബംഗളൂരു: ഇരുചക്രവാഹനത്തിൽ ഓട്ടോ തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ യുവതി ചെരുപ്പുകൊണ്ട് അടിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ യുവതിയും ഭർത്താവും ഡ്രൈവറോട് ക്ഷമാപണം നടത്തി. ഓട്ടോ ഡ്രൈവർമാരോട് ബഹുമാനമുണ്ടെന്നും ബംഗളൂരുവിനെയും അതിന്റെ സംസ്കാരത്തെയും സ്നേഹിക്കുന്നുവെന്നും പറഞ്ഞ ദമ്പതികൾ ഡ്രൈവറുടെ കാലിൽതൊട്ടു ക്ഷമാപണം നടത്തി.
തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച യുവതി, സംഭവം മനഃപൂർവമല്ലെന്നും പറഞ്ഞു. താൻ ഗർഭിണിയാണെന്നും മാനസിക സമ്മർദം കൊണ്ട് ഗർഭം അലസുമെന്ന ഭയം കൊണ്ടാണ് സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് വർഷമായി തങ്ങൾ ബംഗളൂരുവിൽ താമസിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബെലന്തൂർ പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് യുവതിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഓട്ടോ ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ചതായി യുവതി പൊലീസിനോട് സമ്മതിച്ചു.
ഓട്ടോ തന്റെ ഇരുചക്ര വാഹനത്തിൽ ഇടിച്ചതാണ് തർക്കത്തിനും തുടർന്ന് സംഘർഷത്തിനും കാരണമായതെന്ന് അവർ പറഞ്ഞു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. യുവതിയുടെ വീടിനു മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. മർദനമേറ്റ ഡ്രൈവറടക്കമുള്ളവർ ദമ്പതികളെ നേരിൽ കണ്ടിരുന്നു. ഈ സമയത്താണ് യുവതിയും ഭർത്താവും ക്ഷമാപണം നടത്തിയത്. ശനിയാഴ്ച ബെലന്തൂരിലെ സെൻട്രോ മാളിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവർ ലോകേഷ് (33) സംഭവം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

