കരാവലി ഉത്സവത്തിൽ ആകാശയാത്രക്ക് കോപ്റ്റർ സർവിസ്
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ദക്ഷിണ കന്നട ജില്ല കരാവലി ഉത്സവം 2025ൽ ഹെലികോപ്റ്റർ ജോയ്‌റൈഡ് സർവിസ് ആരംഭിച്ചു. മംഗളൂരുവിലെ സുൽത്താൻ ബത്തേരിയിൽ ‘ഹെലി റൈഡ്’എന്ന് പേരിട്ട ഈ വിനോദയാത്ര ജില്ല ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ ഉദ്ഘാടനം ചെയ്തു. നിരക്ക് ഒരാൾക്ക് 3,500 രൂപയായി നിശ്ചയിച്ചു. ഓരോ യാത്രയിലും പരമാവധി അഞ്ച് യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. ഓരോ യാത്രയും ഏഴ് മിനിറ്റ് നീണ്ടുനിൽക്കും.
ദിവസവും രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ച 2.30 മുതൽ വൈകീട്ട് അഞ്ച് വരെയും സർവിസ് പ്രവർത്തിക്കും. മംഗളൂരുവിന്റെ വിശാലമായ തീരദേശ ഭൂപ്രകൃതിയുടെയും മറ്റും ആകാശയാത്രയിൽ കാണാനാവും. താൽപര്യമുള്ള സന്ദർശകർക്ക് heli.dakshinakannada.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി യാത്ര ബുക്ക് ചെയ്യാം.
ആഘോഷങ്ങളുടെ ഭാഗമായി ഉള്ളാൾ ബീച്ചിൽ കരാവലി സ്‌പോർട്‌സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ദക്ഷിണ കന്നട ജില്ല ഭരണകൂടം, യുവജന ശാക്തീകരണ, കായിക വകുപ്പ്, ദക്ഷിണ കന്നട ജില്ലാ വോളിബാൾ അസോസിയേഷൻ, ദക്ഷിണ കന്നട ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ, കർണാടക സ്റ്റേറ്റ് ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ യൂനിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.
17 വയസ്സിന് താഴെയുള്ള ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബീച്ച് വോളിബാൾ മത്സരം നടന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും ബീച്ച് വോളിബാൾ, ഫുട്ബാൾ മത്സരങ്ങൾ, പരമ്പരാഗത തീരദേശ ഗെയിമുകളായ ലഗോരി, വടംവലി എന്നിവ ഞായറാഴ്ച സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

