ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നതിനെ ചൊല്ലി വിവാദം
text_fieldsശോഭ കരന്ദ്ലാജെ, ദിനേശ് ഗുണ്ടുറാവു
ബംഗളൂരു: കർണാടകയിൽ ഗവ. ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ വസ്തുതകൾ മനസ്സിലാക്കണമെന്നും വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. കർണാടകയിൽ ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നു എന്ന രീതിയിൽ ശോഭ കരന്ദ്ലാജെ സമൂഹ മാധ്യമത്തിൽ പോസ്റ്റിടുകയും ഇത് പ്രമുഖരായ പലരും ഷെയർ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രതികരണവുമായി രംഗത്തെത്തിയത്.
ഗവ. ആശുപത്രി വളപ്പിനകത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ മാത്രമാണ് നിർത്തലാക്കുന്നതെന്നും ആശുപത്രിക്കുപുറത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ജൻഔഷധി കേന്ദ്രങ്ങൾ സബ്സിഡി നിരക്കിലാണ് മരുന്നുകൾ നൽകുന്നത്. എന്നാൽ, കർണാടക സർക്കാർ സൗജന്യമായാണ് ഗവ. ആശുപത്രികളിൽ മരുന്നു നൽകുന്നത്. പിന്നെ സർക്കാർ ആശുപത്രികളിൽ എന്തിനാണ് ജൻ ഔഷധി കേന്ദ്രങ്ങളുടെ ആവശ്യകതയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനുമുമ്പ് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ വസ്തുതകൾ അന്വേഷിച്ചറിയണമെന്നും തെറ്റായ വിവരമാണ് മറ്റേതൊരു രോഗത്തേക്കാളും ഏറ്റവും ഹാനികരമെന്നും ശോഭ കരന്ദ്ലാജെയെ ടാഗ് ചെയ്ത എക്സ് പോസ്റ്റിൽ അദ്ദേഹം വിമർശനമുന്നയിച്ചു.
ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ‘പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി കേന്ദ്ര’ പദ്ധതി രാജ്യത്ത് ആരംഭിച്ചത്. സർക്കാർ ആശുപത്രികൾക്കകത്തും പുറത്തുമായി ഇവ പ്രവർത്തിച്ചുവരുന്നുണ്ട്. സർക്കാർ ആശുപത്രി പരിസരങ്ങളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്താൻ കർണാടക സർക്കാർ ഉത്തരവിട്ടതായും ഇത് പാവപ്പെട്ടവർക്കെതിരെയെന്ന് മാത്രമല്ല ആരോഗ്യ പരിചരണത്തിനും എതിരാണെന്ന് തന്റെ എക്സ് പോസ്റ്റിൽ മന്ത്രി ശോഭ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെക്കു പുറമെ, വിഷയം ഏറ്റുപിടിച്ച് തേജസ്വി സൂര്യ എം.പിയും ഇൻഫോസിസ് മുൻ സി.എഫ്.ഒ മോഹൻദാസ് പൈയും രംഗത്തുവന്നു.
70 മുതൽ 90 ശതമാനംവരെ നിരക്കുകുറച്ച് ജനറിക് മെഡിസിനുകൾ കിട്ടുന്നിടത്തുനിന്ന് ഉയർന്ന നിരക്കിൽ സ്വകാര്യ മരുന്നു കേന്ദ്രങ്ങളിൽനിന്ന് രോഗികൾ മരുന്നു വാങ്ങേണ്ട സ്ഥിതിവിശേഷമാണ് ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നതിലൂടെ സംഭവിക്കുകയെന്ന് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ കുറ്റപ്പെടുത്തി. മന്ത്രി ദിനേശ് ഗുണ്ടുറാവു അനുകമ്പ മന്ത്രിയായിരുന്നെന്നും നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മോഹൻദാസ് പൈയുടെ ചോദ്യം. എന്നാൽ, കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കുന്നതിനുമുമ്പേ തീരുമാനത്തിലെത്തരുതെന്നും സിദ്ധരാമയ്യ സർക്കാറല്ലാതെ മറ്റേതെങ്കിലും സർക്കാർ പാവങ്ങളോട് ഇത്ര അനുകമ്പയുള്ളതായുണ്ടോ എന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു തിരിച്ചു ചോദിച്ചു. ഇക്കാര്യത്തിൽ നിങ്ങളിൽനിന്ന് (ബി.ജെ.പിയിൽനിന്ന്) ഒരു തരിമ്പും പ്രചോദനം ആവശ്യമില്ലെന്നും വിമർശനം കോൺഗ്രസിനെ കുറിച്ചാവുമ്പോൾ നിങ്ങൾക്കത് ഏറെ സന്തോഷം പകരുന്നതായിരിക്കുമെന്നും അദ്ദേഹം തിരിച്ചടിച്ചു. കർണാടകയിൽ 1400 ജൻഔഷധി കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 180 എണ്ണം മാത്രമാണ് സർക്കാർ ആശുപത്രികൾക്കകത്ത് പ്രവർത്തിക്കുന്നത്. സർക്കാർ ആശുപത്രികളിലേക്ക് വരുന്ന രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കണമെന്നതാണ് തങ്ങളുടെ നയമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു വിശദീകരിച്ചു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രോഗികളോട് പുറത്തുനിന്ന് മരുന്നു വാങ്ങാൻ നിർദേശിക്കുന്നതായ പരാതികളെ തുടർന്നാണ് ആശുപത്രി വളപ്പുകളിൽ പ്രവർത്തിക്കുന്ന ജൻഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാനും പകരം ഗവ. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കി അവ സൗജന്യമായി രോഗികൾക്ക് നൽകാനും കർണാടക ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സർക്കാർ ആശുപത്രി കാമ്പസുകളിൽ പ്രവർത്തനാനുമതി തേടിയ 31 ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രപോസൽ സർക്കാർ അടുത്തിടെ നിരസിച്ചിരുന്നു.
സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ മരുന്നു ശാലകളിലേക്ക് ഡോക്ടർമാർ കുറിപ്പടി നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും സർക്കാർ ആശുപത്രികൾക്ക് സമീപത്തെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കുന്നതിനുപകരം സർക്കാർ ആശുപത്രികളിൽ ലഭ്യമായ മരുന്നുകൾ ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷന് (കെ.എസ്.എം.എസ്.സി.എൽ) സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജനറിക് മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി.എസ്.യുസ് ഓഫ് ഇന്ത്യയോട് (ബി.ബി.പി.ഐ) വിലപേശൽ നടത്താനും ബി.ബി.പി.ഐയിൽനിന്ന് കുറഞ്ഞവിലക്ക് ഗുണമേന്മയുള്ള മരുന്നുകൾ സർക്കാർ ആശുപത്രികൾ നേരിട്ട് വാങ്ങി സൗജന്യമായി രോഗികൾക്ക് നൽകണമെന്നും കെ.എസ്.എം.എസ്.സി.എല്ലിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

