അമുലിനെ ചൊല്ലി വിവാദം; സമൂഹമാധ്യമങ്ങളിൽ ഗോബാക്ക് കാമ്പയിൻ
text_fieldsബംഗളൂരു: രാജ്യത്തെ പ്രമുഖ പാൽ ഉൽപന്ന നിർമാതാക്കളായ അമുലിനെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം. ബംഗളൂരുവിലെ വിപണിയിൽ ഓൺലൈനായി പാലും തൈരും വിൽക്കാനുള്ള അമുലിന്റെ നീക്കത്തിനെതിരെയാണ് ‘സേവ് നന്ദിനി’, ‘സേവ് കെ.എം.എഫ്’, ‘അമുൽ ഗോബാക്ക്’ ഹാഷ് ടാഗുകളിൽ സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ അരങ്ങേറുന്നത്. പാൽ, പാലുൽപന്ന വിപണിയിൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബ്രാൻഡാണ് കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി.
ഗുജറാത്ത് കോ ഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് അമുൽ ബ്രാൻഡ്. സഹകരണ മേഖലയിൽ ഒരേപോലെ പ്രവർത്തിക്കുന്ന ഈ കമ്പനികൾ പൊതുവെ ഒരാളുടെ വിപണി നഷ്ടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കാറില്ലെന്നും സഹകരണ മേഖലയിലെ അലിഖിത നിയമം അമുൽ ലംഘിക്കുകയാണെന്നും കെ.എം.എഫ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നന്ദിനി ബ്രാൻഡിനെ തകർക്കാൻ ബി.ജെ.പി സർക്കാർ അമുലിന് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷമായ കോൺഗ്രസും ജെ.ഡി-എസും ആരോപിച്ചു. കർണാടകയിലെ ബാങ്കുകളെ വിഴുങ്ങിയപോലെ കന്നഡിഗരുടെ ബ്രാൻഡായ നന്ദിനിയെയും അടച്ചു പൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഗുജറാത്തിന്റെ പുരോഗതിയും കർണാടക ബ്രാൻഡിന്റെ നാശവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ വിമർശിച്ചു.
കെ.എം.എഫും അമുലും യോജിച്ചുപ്രവർത്തിക്കുമെന്ന് മുമ്പ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. നേരിട്ടുള്ള ലയനം സാധ്യമാവാത്തതിനാലാണ് ഇത്തരം മാർഗത്തിലൂടെ അമുൽ കർണാടകയിൽ പാൽ വിപണിയിലേക്ക് കടന്നുവരുന്നതെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി ചൂണ്ടിക്കാട്ടി. കർണാടകയിൽ അമുൽ പാൽ വിൽക്കാനുള്ള ശ്രമത്തെ ജനങ്ങൾ ഒന്നിച്ചെതിർക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അമുൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും കാമ്പയിനിൽ ഉയരുന്നുണ്ട്. അതേസമയം, നന്ദിനിയെ നമ്പർ വൺ ബ്രാൻഡാക്കുമെന്നും കൂടുതൽ മത്സരാധിഷ്ഠിതമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇപ്പോൾ ഉയർന്ന വിവാദം കോൺഗ്രസിന്റെ രാഷ്ര്ടീയം മാത്രമാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

