വിവാദ പരശുരാമൻ പ്രതിമ: വെങ്കലത്തിനുപകരം ഫൈബർ; ശിൽപിക്കെതിരെ കേസ്
text_fieldsതീം പാർക്കിലെ പരശുരാമൻ പ്രതിമ
മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമയുടെ മറവിൽ ബി.ജെ.പി നടത്തിയ തട്ടിപ്പ് സംബന്ധിച്ച് സി.ഐ.ഡി അന്വേഷണം തുടരുന്നതിനിടെ മറ്റൊരു കേസ്.
വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചെന്ന പരാതിയിൽ ക്രിഷ് ആർട്ട് വേൾഡിലെ ശിൽപി കൃഷ്ണ നായ്കിനെതിരെ കാർക്കള ടൗൺ പൊലീസ് കേസെടുത്തു. കാർക്കള നള്ളൂരിലെ കൃഷ്ണ ഷെട്ടിയുടെ പരാതിയിലാണ് കേസ്.
പ്രതിമ സ്ഥാപിക്കാൻ കൃഷ്ണ നായ്ക് ഉഡുപ്പി നിർമിതി കേന്ദ്രയിൽ നിന്ന് 1.30 കോടി രൂപ കൈപ്പറ്റി വഞ്ചന കാണിച്ചെന്ന് പരാതിയിൽ പറഞ്ഞു. നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തു കൊണ്ടുവന്നിരുന്നത്.
കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ആ വർഷം മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എം.എൽ.എ വി.സുനിൽ കുമാർ തന്റെ സ്വപ്ന് പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നെന്നാണ് ആക്ഷേപം ഉയർന്നത്. തീം പാർക്കിലേക്ക് വിനോദ സഞ്ചാരികളെ വിലക്കി കാർക്കള തഹസിൽദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു. മിനുക്കുപണികൾക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഭൂ നിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമാ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്.
തീം പാർക്ക് നിർമാണ അഴിമതി ചൂണ്ടിക്കാട്ടിയും കാലികൾക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർക്കാക്കുന്നതിനെതിരെയും ശ്രീരാമസേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖ് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു.
10 കോടി രൂപ ചെലവിൽ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പിൽനിന്ന് 450 അടി ഉയരത്തിലുള്ള മലയിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റാറന്റ് തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഉണ്ട്. പാർക്കിൽ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ നിർമാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയിൽ ആരോപണമുണ്ടായിരുന്നു.

