സർക്കാറിനെതിരെ ചിന്തിച്ച് വോട്ടുചെയ്യണമെന്ന അഭ്യർഥനയുമായി കരാറുകാർ
text_fieldsകർണാടക തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാനെത്തിയ ബി.എസ്.എഫ് സേനാംഗങ്ങൾ
ബംഗളൂരു: വോട്ട് ബുദ്ധിപൂർവം ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് കരാറുകാർ. ചൊവ്വാഴ്ച വോട്ടർമാരെ അഭിസംബോധന ചെയ്ത് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കത്തിൽ സംസ്ഥാന സർക്കാറിലെ അഴിമതിക്കെതിരെ ബുദ്ധിപൂർവം വോട്ടുചെയ്യേണ്ട സന്ദർഭമാണിതെന്ന് അവർ പറഞ്ഞു. മറ്റൊരു കത്തുകൂടി അയക്കുന്നു എന്ന് സൂചിപ്പിച്ചാണ് കരാറുകാരുടെ സംഘടന ചൊവ്വാഴ്ച രംഗത്തുവന്നത്. കർണാടകയിലെ ബി.ജെ.പി സർക്കാറിലെ ഭരണപക്ഷ എം.എൽ.എമാർ കരാറുകാരിൽനിന്ന് 40 ശതമാനം വരെ കമീഷൻ തുക കൈപ്പറ്റുന്നതായി ചൂണ്ടിക്കാട്ടി 2021ൽ പ്രധാനമന്ത്രിക്ക് ഇവർ കത്തെഴുതിയിരുന്നു. എന്നാൽ, ഇതിന് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. പിന്നീട്, ഗ്രാമീണ വികസന മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പക്കെതിരെ കമീഷൻ ആരോപണം ഉന്നയിച്ച് കരാറുകാരനായ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്യുകയും ഈശ്വരപ്പക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് കരാറുകാർ പുതിയ കത്തിൽ ചൂണ്ടിക്കാട്ടി. ഈ കത്ത് പങ്കുവെച്ച കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, ബി.ജെപിയുടെ 40 ശതമാനം കമീഷൻ സർക്കാറിനെതിരായ കരാറുകാരുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മറുപടിയും നൽകിയില്ലെന്നും ബുധനാഴ്ച കർണാടകയിലെ ജനങ്ങൾ മോദിക്ക് മറുപടി പറയുമെന്നും ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

