38,000 കോടി രൂപയുടെ കുടിശ്ശിക നൽകിയില്ല: കടുത്ത പ്രതിസന്ധിയിലെന്ന് കരാറുകാർ
text_fieldsബംഗളൂരു: കർണാടകയിൽ 2021-22 മുതൽ പൂർത്തിയാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ബാക്കി തുകയായ 38,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തയച്ചു. തുക ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ കരാറുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ ആരോപിച്ചു.
2026 സെപ്റ്റംബർ 30ന് നൽകിയ കത്തിൽ വാഗ്ദാനങ്ങൾ പാലിക്കുമെന്ന ഉറപ്പിൽ കോൺഗ്രസ് സർക്കാറിൽ വിശ്വാസമർപ്പിച്ച സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം വരുന്ന കരാറുകാരാണ് പ്രതിസന്ധിയിലായതെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ. മഞ്ജുനാഥും ജനറൽ സെക്രട്ടറി ജെ.എം. നന്ദകുമാറും ചൂണ്ടിക്കാട്ടി.
കൃത്യസമയത്ത് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടും കഴിഞ്ഞ മൂന്നു നാല് വർഷമായി പണം റിലീസ് ചെയ്തിട്ടില്ലെന്നും കരാറുകാർ ഓഫിസ് കയറിയിറങ്ങുകയാണെന്നും കത്തിൽ പറയുന്നു. സാധാരണയായി ഗൗരി-ഗണേശ, ദസറ, ദീപാവലി ആഘോഷവേളകളിൽ കുടിശ്ശിക തുക സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഈ സർക്കാർ ഇതുവരെ ഫെസ്റ്റിവൽ അഡ്വാൻസ് ഒന്നും നൽകിയിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെദിയൂരപ്പ അമിതമായി പ്രവൃത്തികൾ അനുവദിച്ചതാണ് വലിയ സാമ്പത്തിക ഭാരത്തിന് ഇടയാക്കിയതെന്നും അസോസിയേഷൻ ആരോപിച്ചു.
2023 മാർച്ചിൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും തുടർന്ന് 2026 ജൂൺ 30ന് മുഖ്യമന്ത്രിയായ ശേഷവും സിദ്ധാരാമയ്യയുമായി മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരമുണ്ടായില്ല.
അതിനാൽ മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പര്യടനം നടത്തി പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി കുടിശ്ശിക തുക എത്രയും വേഗം അനുവദിക്കണമെന്ന് സംഘടന അഭ്യർഥിച്ചു.
യെദിയൂരപ്പ സർക്കാർ തുടങ്ങിയ പദ്ധതികൾ വേട്ടയാടുന്നു: മുഖ്യമന്ത്രി
ബംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആവശ്യത്തിന് ബജറ്റ് വകയിരുത്തലില്ലാതെ അനുവദിക്കുകയും ആരംഭിക്കുകയും ചെയ്ത വികസന പദ്ധതികളുടെ സാമ്പത്തിക ഭാരമാണ് നിലവിലെ കർണാടക സർക്കാർ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഹാനൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
38,000 കോടിയിലധികം രൂപയുടെ ബില്ലുകൾ കുടിശ്ശികയായി കിടക്കുന്നുണ്ടെന്ന കരാറുകാരുടെ അവകാശവാദത്തെക്കുറിച്ച് സർക്കാറിന് ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.എസ്. യെദിയൂരപ്പയുടെ ഭരണകാലത്ത് അനുമതി നൽകിയ പ്രവൃത്തികൾ ഇപ്പോൾ പൂർത്തിയായി വരികയാണ്. അവയുടെ ബില്ലുകൾ മാറേണ്ടതുണ്ട്. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ഉടൻ തീരുമാനമെടുക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

