മാലിന്യസംസ്കരണം; ഉദ്യോഗസ്ഥർക്കെതിരെ കരാറുകാർ
text_fieldsമാലിന്യം നിറച്ച വാഹനങ്ങൾ
ബംഗളൂരു: ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിലെ (ബി.എസ്.ഡബ്ല്യു.എം.എൽ) ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാലിന്യമെടുക്കുന്ന കരാറുകാരുടെയും ലോറി ഉടമകളുടെയും സംഘടന.
ബിൽ തുക കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതികൾ ഉന്നയിച്ചാൽ പരിഹരിക്കപ്പെടുന്നില്ലെന്നും മാലിന്യമെടുക്കൽ നിർത്തിവെക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്നും ബി.എസ്.ഡബ്ല്യു.എം.എല്ലിനയച്ച കത്തിൽ സംഘടന മുന്നറിയിപ്പ് നൽകുന്നു. ബി.എസ്.ഡബ്ല്യു.എം.എല്ലിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറും (സി.ഒ.ഒ) ചീഫ് ഫിനാൻഷ്യൽ ഓഫിസർക്കും (സി.എഫ്.ഒ) എതിരെയാണ് ആരോപണങ്ങൾ.
സ്വാർഥ ലക്ഷ്യങ്ങളാണ് ഇവരെ നയിക്കുന്നത്. ഏപ്രിൽ മുതൽ കരാറുകാരുടെ പ്രതിമാസ ബില്ലുകൾ അടച്ചിട്ടില്ല. ഇതുമൂലം തൊഴിലാളികളുടെ ഇ.എസ്.ഐ, ഇ.പി.എഫ് അടക്കുമ്പോൾ പിഴ നൽകേണ്ടി വരുന്നു. ബില്ലുകളിൽനിന്ന് അനാവശ്യമായി കിഴിവുകൾ വരുത്തുന്നു. ഇത് സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാക്കിയിരിക്കുകയാണ്.വാഹന അറ്റകുറ്റപ്പണി കൃത്യമായി നടത്താനോ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകാനോ കഴിയുന്നില്ല.
പൊതുഗതാഗത സൗകര്യമില്ലാത്ത, പുലർച്ചയാണ് തൊഴിലാളികൾ ജോലിക്ക് ഹാജരാകേണ്ടത്. പലരും ദീർഘദൂരം നടന്നും ഓട്ടോറിക്ഷയിലുമാണ് എത്തുന്നത്. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സംയുക്ത യോഗം വിളിച്ചുചേർക്കണമെന്ന് സി.ഒ.ഒയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.എസ്.ഡബ്ല്യു.എം.എൽ അടിയന്തര ഇടപെടൽ നടത്തണമെന്നും അല്ലാത്ത പക്ഷം മാലിന്യനീക്കം തടസ്സപ്പെട്ടാൽ സി.ഒ.ഒയും സി.എഫ്.ഒയുമായിരിക്കും ഉത്തരവാദികളെന്നും സംഘടന കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

