ചീഫ് സെക്രട്ടറിക്കെതിരായ പരാമർശം; ബി.ജെ.പി എം.എൽ.സിക്കെതിരായ നടപടി തടഞ്ഞ് ഹൈകോടതി
text_fieldsബി.ജെ.പി എം.എൽ.സി എൻ. രവികുമാർ
ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി എം.എൽ.സിയും നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ ചീഫ് വിപ്പുമായ എൻ. രവികുമാറിനെതിരെ അറസ്റ്റ് അടക്കമുള്ള നിർബന്ധ നടപടികൾ താൽക്കാലികമായി തടഞ്ഞ് ഹൈകോടതി. ജൂലൈ എട്ടുവരെയാണ് നടപടികൾ തടഞ്ഞത്.
അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് രവികുമാറിനോട് കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിയുടെ പരാതിയിൽ ബംഗളൂരു വിധാൻസൗധ പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ 351-മൂന്ന് (ഭീഷണിപ്പെടുത്തൽ), 75- മൂന്ന് (ലൈംഗിക പീഡനം), 79 (വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത്.
ചീഫ് സെക്രട്ടറിക്കെതിരായ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി എം.എൽ.സിക്കെതിരെ സംസ്ഥാന വനിത കമീഷനും സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനിത കമീഷൻ അധ്യക്ഷ ബംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകി.
ബി.ജെ.പി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും പരാതി നൽകിയിരുന്നു. രവികുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നിർമാണ കൗൺസിലിലും പരാതി നൽകാനാണ് കോൺഗ്രസ് തീരുമാനം.
ജൂലൈ ഒന്നിന് വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ രവികുമാർ വിവാദ പരാമർശം നടത്തിയതായാണ് ചീഫ് സെക്രട്ടറിയുടെ പരാതി. ‘‘ചീഫ് സെക്രട്ടറി രാത്രി സംസ്ഥാന സർക്കാറിനു വേണ്ടിയും പകൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുവേണ്ടിയും പ്രവർത്തിക്കുന്നു’’ എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന.
ലൈംഗിക ചുവയോടെയുള്ള രവികുമാറിന്റെ പ്രസ്താവന മുതിർന്ന ഐ.എ.എസ് ഓഫിസറായ തന്നെയും മറ്റു സ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി. പ്രസ്താവന പിൻവലിച്ച് രവികുമാർ നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു.
ഐ.എ.എസ് വനിതാ ഉദ്യോഗസ്ഥക്കെതിരെ തുടർച്ചയായി ഇത് രണ്ടാം തവണയാണ് രവി കുമാർ മോശം പരാമർശം നടത്തുന്നത്. കഴിഞ്ഞ മേയിൽ കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരന്നമിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് രവികുമാറിന് കർണാടക ഹൈകോടതിയുടെ വിമർശനമേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

