കൊപ്പാലില്‍ 2345 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് നിർമാണം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കൊപ്പാലില്‍ 2345 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി വ്യവസായ മന്ത്രി എം.ബി പാട്ടീല്‍. ബജാജ് ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ മുകന്ദ് സുമി വഴി കൊപ്പാലിലെ ഒരു സ്റ്റീൽ നിർമാണ യൂനിറ്റിൽ 2345 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി സുമിറ്റോമോ സ്ഥിരീകരിച്ചു.
2028ഓടെ ഈ യൂനിറ്റ് പ്രവർത്തനക്ഷമമാകും. കൂടാതെ വര്‍ഷത്തില്‍ 3,50,000 ടൺ ഇരുമ്പും ഉരുക്കും ഉല്പാദിപ്പിക്കാന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സുമിടൊമോ ഭാവിയില്‍ കര്‍ണാടകയില്‍ ബയോമാസ് യൂനിറ്റ് സ്ഥാപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സുമിടൊമോ, യസ് കാവ, ജെ.എഫ്.ഇ ഷോജി കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
ഹുബ്ബള്ളിയിലെ സര്‍ക്കാര്‍ ഇലക്ട്രിക്കല്‍ ഫാക്ടറി(എന്‍.ജി.ഇ.എഫ്) പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ജാപ്പനീസ് കമ്പനിയായ ജെ.എഫ്.ഇ ഷോജിയുമായി മന്ത്രി ചര്‍ച്ച നടത്തി. പവര്‍ കണ്വെര്ടര് ഉപകരണങ്ങളുടെ ഉല്പാദനത്തില് ജെ.എഫ്.ഇ മുന്‍പന്തിയിലാണ്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി ജെ.എഫ്.ഇ ഷോജി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഹുബ്ബള്ളി യൂനിറ്റ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതായി മന്ത്രി പറഞ്ഞു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും (ബി.ഇ.വി.എസ് /ഇ.വി.എസ്) ഉപയോഗിക്കുന്ന മോട്ടോര്‍ കോര്‍ നിർമാണത്തിനായി 400 കോടി രൂപയുടെ പദ്ധതി ഉടന്‍ നടപ്പില്‍വരുത്തുമെന്നും കമ്പനി സംസ്ഥാന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. ബംഗളൂരുവില്‍ മോഷന്‍ കണ്ട്രോള് വേരിയബ്ൾ ഫ്രീക്വൻസി ഡ്രൈവ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം നടത്തുമെന്ന് യസ് കാവ അറിയിച്ചു. വാണിജ്യ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. സെൽവകുമാർ, വ്യവസായ വികസന കമീഷണറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ ഗുഞ്ചൻ കൃഷ്ണ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പ്രതിനിധിസംഘത്തിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

