ഉഭയസമ്മത ലൈംഗിക ബന്ധം ഉപദ്രവത്തിനുള്ള ലൈസൻസല്ല -ഹൈകോടതി
text_fieldsബംഗളൂരു: ഉഭയസമ്മത ലൈംഗിക ബന്ധം എന്നത് സ്ത്രീകളെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് കർണാടക ഹൈകോടതി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക നൽകിയ കേസിൽ കുറ്റാരോപിതനായ പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഉത്തരവ്.
2017ൽ ഭദ്രാവതി റൂറൽ പൊലീസ് സ്റ്റേഷനിൽ മറ്റൊരു വിഷയത്തിൽ പരാതി നൽകാനെത്തിയപ്പോഴാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നത്. 2021ൽ ബന്ധം വേർപിരിയുകയും ലൈംഗികാതിക്രമമാരോപിച്ച് പൊലീസുകാരനെതിരെ യുവതി പരാതി നൽകുകയുമായിരുന്നു.
ഉഭയസമ്മത പ്രകാരമാണ് പരസ്പര ബന്ധത്തിലേർപ്പെട്ടതെങ്കിലും കൊലപാതകശ്രമം, ആക്രമണം, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ കേസിൽ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡൽഹി ഹൈകോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് സ്വകാര്യ നിമിഷങ്ങളെ പകർത്താനും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനുമുള്ള അനുവാദമല്ലെന്നും അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും ഹൈകോടതി നിരീക്ഷിച്ചു. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് ഡൽഹി ഹൈകോടതിയിലെ കേസിനാസ്പദമായ സംഭവം. തൊഴിൽസ്ഥലത്ത് ഇഷ്ടപ്പെടാത്ത പെരുമാറ്റം ശല്യപ്പെടുത്തുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കാതെതന്നെ ലൈംഗിക പീഡനമാണെന്ന് മദ്രാസ് ഹൈകോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

