ബിദറിൽ കോൺഗ്രസ് വിജയം മുസ്ലിംകളുടെ കൂട്ട വോട്ടിൽ -മന്ത്രി സമീർ അഹ്മദ് ഖാൻ
text_fieldsസമീർ അഹ്മദ് ഖാൻ
ബംഗളൂരു: ബിദർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെയുടെ മകൻ സാഗർ ഖാണ്ഡ്രെ വിജയിച്ചത് മുസ്ലിംകൾ കൂട്ടത്തോടെ വോട്ട് ചെയ്തത് കൊണ്ടാണെന്ന് വഖഫ്-ഭവന മന്ത്രി സമീർ അഹ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ബിദറിൽ വഖഫ് അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാഗർ നേടിയ ആറുലക്ഷം വോട്ടിൽ രണ്ടു ലക്ഷവും മുസ്ലിംകളുടേതാണ്.
നന്നായി പ്രവർത്തിച്ചതിന്റെ ഫലമാണത്. മറ്റു സമുദായക്കാരും വോട്ട് ചെയ്തു. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ശ്മശാനത്തിന് വനഭൂമി അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വകുപ്പു മന്ത്രിയോട് പറഞ്ഞ് അത് നേടിയെടുക്കാം. ബി.ജെ.പി വിജയം ഉറപ്പിച്ച മണ്ഡലത്തിൽ സാഗറിനെ എം.പിയാക്കിയ സമുദായം എന്ന പരിഗണന പ്രതീക്ഷിക്കാമെന്ന് സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, സമീർ അഹമ്മദ് ഖാൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അതിൽ പാർട്ടി നിലപാട് പ്രതിഫലിക്കുന്നില്ലെന്നും ബിദർ എം.പി സാഗർ ഖണ്ഡ്രെയുടെ പിതാവും വനം മന്ത്രിയുമായ ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. സമുദായമോ സമുദായ പ്രാതിനിധ്യമോ നോക്കാതെ ഞങ്ങൾ എല്ലാ ജനങ്ങൾക്കും സേവനം നൽകും. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് -ഈശ്വർ ഖണ്ഡ്രെ വ്യക്തമാക്കി.
മന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക രംഗത്തുവന്നു. നേരത്തേ തെലങ്കാനയിലെ റാലിയിൽ കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ മുസ്ലിം പ്രതിനിധി എന്ന രീതിയിൽ മന്ത്രി സമീർ അഹമ്മദ് ഖാൻ നടത്തിയ പരാമർശം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഖാദർതന്നെ സമീർ അഹമ്മദ് ഖാന്റെ പ്രസ്താവന തള്ളിപ്പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

